ബാങ്കോക്ക്: പാർലമെന്‍റിന് പുറത്ത് പ്രതിഷേധം അക്രമാസക്തമായതിന് തൊട്ടുപിന്നാലെ ആയിരക്കണക്കിന് ജനാധിപത്യ അനുകൂല പ്രകടനക്കാർ മധ്യ ബാങ്കോക്കിൽ സംഘടിച്ച് പ്രതിഷേധിച്ചു. പാര്‍ലമെന്‍റിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും 55 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാജവാഴ്ചയുടെ അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികൾ ഉൾപ്പെടെയുള്ള ഭരണഘടനാ മാറ്റത്തിന് കാരണമാകുന്ന പ്രമേയത്തിന് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായാണ് ചൊവ്വാഴ്ച പ്രതിഷേധം നടന്നത്.
വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളില്‍ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു. “ഭരണകൂടം ജനങ്ങൾക്കെതിരെ ബലപ്രയോഗം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും എന്തൊക്കെ സംഭവിച്ചാലും തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നുമാണ് സമരക്കാരുടെ പക്ഷം.
സഭയുടെയും സെനറ്റിന്‍റെയും രണ്ട് ദിവസത്തെ സംയുക്ത സമ്മേളനം ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ഏഴ് പ്രമേയങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. പിന്നാലെ നടന്ന വോട്ടെടുപ്പില്‍ പ്രതിഷേധക്കാരുടെ പിന്തുണയുള്ള പ്രമേയം പരാജയപ്പെട്ടു. പിന്നാലെയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
അതേസമയം ചൊവ്വാഴ്‌ചയുണ്ടായ പ്രക്ഷോഭത്തിനിടെ വെടിവെപ്പുണ്ടായതുമായി ബന്ധമില്ലെന്നാണ് പൊലീസിന്‍റെ നിലപാട്. ഭരണഘടനയില്‍ മാറ്റം വേണമെന്നും വാദിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതെന്നാണ് പൊലീസിന്‍റെ വാദം. പൊലീസ് റബര്‍ ബുള്ളറ്റുകള്‍ പോലും ഉപയോഗിച്ചില്ലെന്ന് ആഭ്യന്തര വക്താവ് കേണൽ കിസാന ഫതനാചറോൺ പറഞ്ഞു. വെടിവയ്‌പ്പിന് പിന്നില്‍ ആരാണെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.