സിഡ്‌നി: അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്‌ഡിന്‍റെ മരണത്തെ തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയിലെ നഗരങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആയിരങ്ങളാണ് പ്രതിഷേധ റാലിയില്‍ അണിനിരന്നത്.
'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല' എന്ന ജോര്‍ജ് ഫ്ലോയ്‌ഡിന്‍റെ അവസാന വാക്കുകള്‍ മുദ്രാവാക്യമായി വിളിച്ചു പറഞ്ഞാണ് പ്രതിഷേധക്കാര്‍ നഗരവീഥിയിലൂടെ റാലി സംഘടിപ്പിച്ചത്. സിഡ്‌നിയിലെ ഹൈഡി പാര്‍ക്ക് മുതല്‍ യുഎസ് കോണ്‍സുലേറ്റ് വരെ നടത്തിയ മാര്‍ച്ചില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തു. വംശീയവെറി അമേരിക്കയില്‍ മാത്രമല്ല ഓസ്‌ട്രേലിയയിലും നടക്കുന്നുണ്ടെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. 2015ല്‍ ഓസ്‌ട്രേലിയയില്‍ പൊലീസ് കസ്റ്റഡില്‍ വെച്ച് മരിച്ച ഡാനിയല്‍ ഡുങ്കായും വംശീയവെറിയുടെ ഇരയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ പര്‍ത് നഗരില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തു.
സംഭവത്തില്‍ പ്രതിഷേധവുമായി ഘാനയുടെ പ്രസിഡന്‍റും രംഗത്തെത്തി. അമേരിക്ക പോലുള്ള ഒരു രാജ്യത്ത് ഈ 21-ാം നൂറ്റാണ്ടിലും വ്യവസ്ഥാപരമായ വംശീയ പ്രശ്‌നങ്ങള്‍ തുടരുകയാണ്. ലോകമെമ്പാടുമുള്ള കറുത്തവര്‍ഗക്കാര്‍ ഞെട്ടലോടെയാണ് ഈ വാര്‍ത്ത അറിഞ്ഞതെന്ന് ഘാനയുടെ പ്രസിഡന്‍റ് നാന അക്കുഫോ അഡോ പ്രസ്‌താവനയില്‍ പറഞ്ഞു. അമേരിക്കയെ സ്വന്തം രാജ്യമായി വിളിക്കുന്ന എല്ലാവര്‍ക്കും നീതിയും സ്വാതന്ത്ര്യവും യുഎസ് ഭരണകൂടം ഉറപ്പാക്കണമെന്ന് കെനിയന്‍ പ്രതിപക്ഷ നേതാവ് റൈല ഓഡിംഗ പ്രതികരിച്ചു.