ബാങ്കോക്ക്: തായ്‌ലാന്‍ഡ് രാജാവ് മഹാ വജിറലോങ്‌കോണ്‍ നാല് ഉദ്യോഗസ്ഥരെ കൂടി പുറത്താക്കി. മോശം പെരുമാറ്റവും വ്യഭിചാരവും ആരോപിച്ചാണ് കൊട്ടാരം പരിചാരകര്‍ക്കെതിരായ നടപടി. ജോലിയിലെ അശ്രദ്ധ ചൂണ്ടിക്കാട്ടിയാണ് കൊട്ടാരം സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരെ പുറത്താക്കിയത്. നാലു പേരുടേയും പദവികളും സ്ഥാനപ്പേരുകളും ഒഴിവാക്കിയതായി കൊട്ടാരം ഔദ്യോഗികമായി അറിയിച്ചു.
കടുത്ത അച്ചടക്ക ലംഘനം ആരോപിച്ച് ആറ് കൊട്ടാരം ഉദ്യോഗസ്ഥരെ കഴിഞ്ഞ ആഴ്ച പുറത്താക്കിയിരുന്നു. കൂടാതെ അംഗരക്ഷകയും മേജര്‍ ജനറലുമായ സിനീനാത് വോങ്ജ്റപാക്ടിയേയും ഔദ്യോഗിക പദവികളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
2016ല്‍ പിതാവിന്‍റെ മരണത്തിന് പിന്നാലെയാണ് മഹാ വജിറലോങ്‌കോണ്‍ അധികാരമേറ്റത്. തുടര്‍ന്ന് കൊട്ടാരത്തിന്‍റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുകയും രണ്ട് സൈനിക യൂണിറ്റുകളെ വ്യക്തിപരമായ നിയന്ത്രണത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.