കാബൂൾ: കാബൂളിലെ മറ്റേർണിറ്റി ആശുപത്രിയിൽ ഭീകരാക്രമണം. തോക്കുധാരികളായ സംഘം ആശുപത്രിയിൽ അതിക്രമിച്ച് കയറി പൊലീസുകാരുമായി ഏറ്റുമുട്ടി. ആക്രമണത്തെ തുടർന്ന് ആശുപത്രിക്ക് തീപിടിച്ചു. അഗ്നിശമന സേന തീയണക്കാൻ ശ്രമിക്കുന്നതിനിടെ 80 ഓളം സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും ആശുപത്രിയിൽ നിന്നും മാറ്റി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഏറ്റുമുട്ടലിൽ ഒരു അക്രമി കൊല്ലപ്പെട്ടതായി അഫ്‌ഗാൻ സേന അറിയിച്ചു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.
ഹൃദയാഘാതം മൂലം തിങ്കളാഴ്‌ച മരിച്ച സൈനിക ഉദ്യോഗസ്ഥന്‍റെ ശവസംസ്‌കാര ചടങ്ങിൽ ഐഎസ് നടത്തിയ ബോംബാക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നംഗർഹാർ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. കാബൂൾ, നംഗർഹാർ എന്നീ ആക്രമണങ്ങളിൽ താലിബാൻ ഉൾപ്പെട്ടിട്ടില്ലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ തിങ്കളാഴ്‌ച കാബൂളിൽ നടന്ന മറ്റൊരു ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ആക്രമണത്തിൽ നാല് സാധാരണക്കാർക്കും ഒരു കുഞ്ഞിനും പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രദേശത്തെ ഐഎസ് നേതാവ് സിയാ ഉൾ ഹഖിനെ അറസ്റ്റ് ചെയ്‌തു.