കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിമതസേനയായ താലിബാൻ തലസ്ഥാന നഗരമായ കാബൂളില്‍ പ്രവേശിച്ചു. കാബൂള്‍ ഒഴികെയുള്ള തന്ത്രപ്രധാനമായ എല്ലാ നഗരവും താലിബാൻ സേന ഞായറാഴ്ച രാവിലെയോടെ പിടിച്ചെടുത്തിരുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളും വിമത സേന അടച്ചു. കാബൂളിന്‍റെ നാലു വശത്തു നിന്നും ഒരേ സമയം നഗരത്തിലേക്ക് പ്രവേശിക്കുകയാണ് താലിബാൻ. ഇതോടെ മണിക്കൂറുകള്‍കം അഫ്ഗാനിസ്ഥാന്‍റെ പൂര്‍ണ നിയന്ത്രണം വിമതസേന പിടിച്ചെടുക്കുമെന്ന് ഉറപ്പായി.
യു.എസ് സേനയുടെ പൂര്‍ണമായ പിന്മാറ്റം ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തീകരിക്കാനിരിക്കെയാണ് താലിബാന്‍റെ മുന്നേറ്റം. താലിബാൻ തന്ത്രപ്രധാന പ്രദേശങ്ങള്‍ പിടിച്ചെടുക്കല്‍ തുടങ്ങിയതോടെ യു.എസ് സേനയുടെ ബാക്കിയുള്ള സൈനികരേയും എംബസി ജീവനക്കാരേയും മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചിരുന്നു.
എംബസികളും പ്രതിസന്ധിയില്‍
നയതന്ത്രജ്ഞരെ മാറ്റുന്നതിന്‍റെ ഭാഗമായി കാബൂളിലെ യുഎസ് എംബസിയിലേക്ക് ഹെലികോപ്‌റ്ററുകള്‍ എത്തികൊണ്ടിരിക്കുകയാണ്. എന്നാല്‍ എംബസിയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഹെലികോപ്ടറുകള്‍ക്ക് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. കാബൂളിന് പുറത്തുള്ള പ്രധാന നഗരമായ ജലാലാബാദ് പിടിച്ചെടുത്തതായി താലിബാന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ അഫ്‌ഗാന്‍ സര്‍ക്കാരിന് കീഴിലുള്ള ഏക പ്രധാന നഗരമായി കാബൂള്‍ മാറി. ജലാലാബാദ് പിടിച്ചടക്കിയതോടെ കിഴക്കന്‍ പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ കാബൂളിന് സാധിക്കില്ല.
ഏറ്റുമുട്ടിലില്ലാതെ കീഴടങ്ങല്‍
ഞായറാഴ്‌ച രാവിലെയാണ് ജലാലാബാദ് താലിബാന്‍ പിടിച്ചെടുത്തത്. നന്‍ഗരാര്‍ പ്രവശ്യയുടെ തലസ്ഥാനമായ ജലാലാബാദിലെ ഗവര്‍ണറുടെ ഓഫിസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ താലിബാന്‍ ഓണ്‍ലൈനില്‍ പങ്കു വച്ചിരുന്നു. ഏറ്റുമുട്ടലില്ലാതെയാണ് നഗരം കീഴടക്കിയതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശനിയാഴ്‌ച രാജ്യത്തെ നാലാമത്തെ വലിയ നഗരമായ മസര്‍-ഇ-ഷരീഫ് പിടിച്ചടക്കിയതിന് പിന്നാലെയാണ് ജലാലാബാദിലേക്ക് താലിബാന്‍ നീങ്ങിയത്. അഫ്‌ഗാന്‍-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ജലാലാബാദ്. ഇവിടം പിടിച്ചടക്കിയതോടെ പാകിസ്ഥാനിലേക്കുള്ള റോഡുകളുടെ നിയന്ത്രണം താലിബാന്‍റെ കൈവശമായി.
അവശേഷിക്കുന്നത് ചെറു പ്രദേശങ്ങള്‍
രാജ്യത്തെ 34 പ്രവശ്യകളില്‍ കാബൂളിന് പുറമേ ആറ് പ്രവശ്യകള്‍ മാത്രമാണ് അഫ്‌ഗാന്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായ കാണ്ഡഹാറും ഹേറത്തും താലിബാന്‍ പിടിച്ചടക്കിയിരുന്നു.
അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അമേരിക്കന്‍ സൈന്യത്തിന്‍റെ സമ്പൂര്‍ണ പിന്മാറ്റം സെപ്‌റ്റംബര്‍ 11 നാണ് പൂര്‍ത്തിയാകുന്നത്. താലിബാന്‍റെ ദ്രുതഗതിയിലുള്ള മുന്നേറ്റം കണക്കിലെടുത്ത് അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തിന് മുന്‍പ് തന്നെ താലിബാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Read more: അഫ്‌ഗാനിസ്ഥാനില്‍ സ്ഥിതി രൂക്ഷം ; താലിബാൻ കാബൂളിന് തൊട്ടരികെ