കാബൂൾ : അഫ്‌ഗാന്‍ ജനത ജീവൻ ഭയന്ന് പാലായനം ചെയ്യുമ്പോൾ രാജ്യം പിടിച്ചെടുത്തതിന്‍റെ വിജയം പാർക്കുകളിലും ജിമ്മുകളിലും ആഘോഷിച്ച് താലിബാൻ തീവ്രവാദികൾ.
കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും പാർക്കുകളിലും ജിമ്മുകളിലും തീവ്രവാദികള്‍ തങ്ങളുടെ വിജയം ആഘോഷിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
റോയിട്ടേഴ്സ് റിപ്പോർട്ടർ ഹമീദ് ഷാലിസി പങ്കുവച്ച വീഡിയോയിൽ താലിബാൻ തീവ്രവാദികൾ പാർക്കിലെ ബമ്പർ കാറുകൾ ഉല്ലസിച്ച് ഓടിക്കുന്നത് കാണാം.
ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു വീഡിയോയിൽ ഒരു കൂട്ടം താലിബാൻ തീവ്രവാദികൾ കുട്ടികൾക്കായുള്ള പാർക്കിലെ വണ്ടികളിൽ സവാരി ചെയ്യുന്നതുമുണ്ട്.
Also read: 'അഫ്‌ഗാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണം'; വിദേശകാര്യ മന്ത്രാലയത്തിന് നോര്‍ക്കയുടെ കത്ത്
അഫ്‌ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തിലെ ഒരു അമ്യൂസ്മെന്‍റ് പാർക്കിലുള്ള ദൃശ്യങ്ങളാണ് കൂടുതലായി പ്രചരിക്കുന്നത്.
കൂടാതെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലുള്ള ജിമ്മിലാണ് താലിബാൻ തീവ്രവാദികൾ വ്യായാമം ചെയ്യുന്നതായി കാണുന്നത്.
താലിബാൻ കാബൂൾ പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം പ്രസിഡന്‍റ് അഷ്റഫ് ഗാനി രാജ്യം വിട്ടിരുന്നു. രാജ്യം വിടാനായുള്ള തിരക്കിനിടെ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.