ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണു. എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല. കടലില്‍ യാത്രക്കാരുടെ ശരീര ഭാഗങ്ങളും വിമാനങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകി നടക്കുന്നതായി മത്സ്യത്തൊഴിലാളികളാണ് വിവരം നൽകിയത്.
വിമാനത്തില്‍ ആറ് കുട്ടികളടക്കം 59 യാത്രാക്കാരുണ്ടായിരുന്നു. ശ്രീവിജയ എയർലൈൻസിന്‍റെ SJ182 വിമാനമാണ് അപകടത്തില്‍ പെട്ടത്. ജക്കാർത്തയിലെ സോക്കർനോ-ഹത്ത വിമാനത്താവളത്തിൽ നിന്ന് പോണ്ടിയാനാക്കിലേക്ക് പോവുകയായിരുന്നു വിമാനം. ഇന്ന് ഉച്ചയ്ക്ക് 1:56ന് പറന്നുയര്‍ന്ന വിമാനത്തിന്‍റെ വാര്‍ത്താവിനിമയ ബന്ധം ഉച്ചകഴിഞ്ഞ് 2:40ഓടെ നഷ്ടമാകുകയായിരുന്നെന്ന് ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയം വക്താവ് അദിത ഐരാവതി പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വിമാനം തകര്‍ന്നതായി കണ്ടെത്തിയത്.