കൊളംബൊ: രാജപക്‌സെ കുടുംബത്തിലെ നാല് അംഗങ്ങൾ ഉൾപ്പെടുന്ന പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിന് ശേഷം പ്രസിഡന്‍റ് ഗോതബയ രാജപക്സെ പ്രതിരോധ മന്ത്രാലയവും പ്രധാനമന്ത്രിയായ മഹീന്ദ രാജപക്‌സെ ധനകാര്യ വകുപ്പുമാണ് കൈകാര്യം ചെയ്യുക. മധ്യനഗരമായ കൗണ്ടിയിലെ ഗോതബായയുടെയും മൂത്ത സഹോദരൻ മഹീന്ദയുടെയും സാന്നിധ്യത്തിലായിരുന്നു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തത്.
മഹീന്ദ രാജപക്‌സെ ധനകാര്യ വകുപ്പിനൊപ്പം മറ്റ് രണ്ട് വകുപ്പുകളും നിയന്ത്രിക്കും. മഹീന്ദയുടെ മൂത്തമകൻ നമൽ രാജപക്‌സെ യുവജനകാര്യ-കായിക മന്ത്രിയായി ചുമതലയേറ്റു. ആദ്യമായാണ് ക്യാബിനറ്റിലേക്ക് നമൽ രാജപക്‌സെ തെരഞ്ഞെടുക്കപ്പെടുന്നത്. രാഷ്ട്രപതിയുടെ മൂത്ത സഹോദരൻ ചമൽ രാജപക്സെ ക്യാബിനറ്റ് സ്ഥാനത്തിനൊപ്പം ആഭ്യന്തര സുരക്ഷയും കൈകാര്യം ചെയ്യും. അദ്ദേഹത്തിന്‍റെ മറ്റൊരു മകനായ ശശീന്ദ്ര രാജപക്‌സെക്കും സംസ്ഥാന മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. മുതിർന്ന നേതാവായ ദിനേശ് ഗുണവർധന വിദേശകാര്യമന്ത്രിയായി സ്ഥാനമേറ്റു.
കഴിഞ്ഞയാഴ്‌ച നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 225 സീറ്റുകളിൽ 145 സീറ്റുകളാണ് രാജപക്സെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക പീപ്പിൾസ് പാർട്ടി ഭരണം നേടിയത്. ഓഗസ്റ്റ് 20നാണ് പാർലമെന്‍റിൽ ആദ്യ യോഗം ചേരുക. കൊവിഡ് രോഗം നിലനിൽക്കുന്ന സാഹചര്യത്തിലും പൊതുതെരഞ്ഞെടുപ്പ് നടത്തിയ ചുരുക്കം ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാണ് ശ്രീലങ്ക.