കൊളംബൊ: ശ്രീലങ്കയിൽ ഒമ്പത് മാസത്തിന് ശേഷം വിനോദ സഞ്ചാരം പുനഃരാരംഭിച്ചു. ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യത്തെ വിനോദ സഞ്ചാരി സംഘം തിങ്കളാഴ്ച ഉക്രൈനില്‍ നിന്ന് പ്രത്യേക വിമാനത്തിൽ രാജ്യത്തെത്തി. ജനുവരി 24 വരെ നടക്കുന്ന പൈലറ്റ് പരിപാടിയിൽ പങ്കെടുക്കാൻ 2,580 വിനോദസഞ്ചാരികൾ ശ്രീലങ്കയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീലങ്കയുടെ സുപ്രധാന സാമ്പത്തിക മേഖലയാണ് ടൂറിസം. കൊവിഡിനെ തുടർന്ന് മാർച്ചിൽ രാജ്യത്ത് വിനോദ സഞ്ചാരികൾ എത്തുന്നത് സർക്കാർ നിരോധിച്ചിരുന്നു. രണ്ട് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളും അധികൃതർ അടച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് രാജ്യം വീണ്ടും വിനോദസഞ്ചാരികൾക്കായി തുറക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് -19 രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയതോടെ തീയതി നീട്ടിവെക്കുകയായിരുന്നു. രാജ്യത്ത് ഇതുവരെ 42,601 കൊവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 194 പേർ കൊവിഡ് ബാധിച്ച് മരിച്ചു.