കൊളംബോ : എഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആനയായ നടുഗാമുവ രാജയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍. ആനയെ ദേശീയനിധിയായി നാമകരണം ചെയ്യുകയും കൊമ്പുകള്‍ വരും തമലുറകള്‍ക്ക് കാണാനായി സംരക്ഷിക്കുകയും ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ അറിയിച്ചു.
ലോകത്ത് തന്നെ 24 മണിക്കൂറും സായുധ സേനയുടെ സുരക്ഷയുള്ള ഏക ആനയാണ് നടുഗാമുവ രാജ. മൈസൂരിൽ ജനിച്ച നടുഗാമുവ രാജയെ പിന്നീട് ശ്രീലങ്കയിലേക്ക് എത്തിക്കുകയായിരുന്നു. കാൻഡിയിലെ പ്രശസ്തമായ ബുദ്ധക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഗൗതമ ബുദ്ധന്‍റേതെന്ന് കരുതുന്ന ദന്തം അടങ്ങിയ പേടകം ഉത്സവത്തിന്‍റെ ഭാഗമായി കഴിഞ്ഞ 11 വര്‍ഷമായി വഹിക്കുന്നത് രാജയാണ്.
Also Read: ഗുരുവായൂര്‍ ആനയോട്ടത്തില്‍ ജേതാവായി 'രവികൃഷ്‌ണന്‍' ; സ്വർണ തിടമ്പ് എഴുന്നള്ളിക്കും
ഗമ്പഹ ജില്ലയിലാണ് ആന ചരിഞ്ഞത്. രാജയുടെ വിയോഗത്തിൽ പ്രസിഡന്‍റ് രാജപക്‌സെ അനുശോചനം രേഖപ്പെടുത്തി. സ്വദേശികളും വിദേശികളും ഒരുപോലെ ആദരിച്ച ആനയാണ് ചെരിഞ്ഞതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഏഷ്യയിലെ ഏറ്റവും വലിയ ആനയായി കണക്കാക്കപ്പെടുന്ന ആനയാണ് രാജ. ഉത്സവത്തിനായി എല്ലാ വർഷവും നടുഗാമുവയെ വീട്ടിൽ നിന്ന് കാൻഡിയിലെ ക്ഷേത്രത്തിലേക്ക് 90 കിലോമീറ്റർ കാൽനടയായാണ് കൊണ്ടുപോയിരുന്നത്.
റോഡിലിറങ്ങുന്ന ആനക്ക് സുരക്ഷയൊരുക്കാന്‍ സായുധ സേനയേയും സര്‍ക്കാര്‍ വിന്യസിച്ചിരുന്നു. കൊമ്പിന് 10.5 അടി ഉയരമുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആനയുടെ അന്ത്യകർമങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഉടമ ഡോ.ഹർഷ ധർമ്മവിജയ പറഞ്ഞു. മൈസൂർ മഹാരാജാവ് തന്‍റെ ബന്ധുക്കളിൽ ഒരാളുടെ ദീർഘനാളത്തെ അസുഖം ഭേദമാക്കിയ സന്യാസിക്ക് സമ്മാനമായി നല്‍കിയ രണ്ട് ആനകളില്‍ ഒന്നാണ് രാജയെന്നാണ് പറയപ്പെടുന്നത്.