സിയോള്‍: അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് ബലൂണുകളില്‍ കെട്ടി ലഘുലേഖകള്‍ അയക്കുന്ന ഉത്തര കൊറിയൻ നടപടി റദ്ദാക്കണമെന്ന് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയക്കെതിരെ ക്യാമ്പയിന്‍ നടത്തുന്നതിന് 12 മില്യണ്‍ ലഘുലേഖകള്‍ തയ്യാറാക്കിയതായി ഉത്തര കൊറിയ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ദക്ഷിണ കൊറിയ രംഗത്തെത്തിയത്. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മിച്ച ഓഫീസ് ഉത്തര കൊറിയ തകര്‍ത്തതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന ബന്ധം വീണ്ടും വഷളായിരുന്നു. ഉത്തര കൊറിയക്കെതിരായ പ്രചാരണ ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ പ്രചരിക്കാനിടയായതിനെ തുടര്‍ന്നായിരുന്നു ഉത്തര കൊറിയയുടെ നടപടി. ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിനൊപ്പം അതിര്‍ത്തിയില്‍ സൗഹൃദം പുനഃസ്ഥാപിക്കുന്നതിന് 2018 ല്‍ സ്ഥാപിച്ച കരാറുകളും പിന്‍വലിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി.
ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം തുടരേണ്ടതിന് ഉത്തര കൊറിയ നടപടി പിന്‍വലിക്കണമെന്ന് യൂണിഫിക്കേഷന്‍ മന്ത്രാലയം വക്താവ് യോ സാംങ്കി പറഞ്ഞു. അതേസമയം ദക്ഷിണ കൊറിയക്കെതിരെയുള്ള ലഘുലേഖ ഉപയോഗിച്ചുള്ള പ്രചരണം രാജ്യത്തെ പൊതു സമൂഹത്തിന്‍റെ വികാരമാണെന്നും പ്രതികാര നടപടിയെക്കാന്‍ സമയമായെന്നും ഉത്തര കൊറിയയുടെ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.
എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബലൂണുകള്‍ മാറ്റി ഡ്രോണുകള്‍ ഉപയോഗിച്ച് ലഘുലേഖകള്‍ പ്രചരിക്കാനാവും ഉത്തര കൊറിയയുടെ പദ്ധതിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു. ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാമെന്നും ദക്ഷിണ കൊറിയ നടപടിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതും പ്രധാനമാണെന്നും നിരീക്ഷകര്‍ പറഞ്ഞു. ഉത്തര കൊറിയ ഏത് ഉപകരണം ഉപയോഗിച്ചാകും ലഘുലേഖകള്‍ വിക്ഷേപിക്കുകയെന്നതിന്‍റെ അടിസ്ഥാനത്തില്‍ സൈനിക നടപടി സ്ഥിരീകരിക്കുമെന്നും ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രി ജിയോംഗ് ക്യോങ്-ഡൂ പ്രതികരിച്ചു.