സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ അഭാവം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയ. മുമ്പും മൂന്നാഴ്‌ചയോളം പൊതുപരിപാടികളില്‍ നിന്ന് കിമ്മിനെ കാണാതായിരുന്നു. തുടര്‍ന്ന് മെയ് ഒന്നിന് ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിന് സമീപം സൻചോണിലെ വളം ഫാക്‌ടറിയുടെ ഉദ്‌ഘാടന ചടങ്ങില്‍ കിം പങ്കെടുത്തതായി കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്‌തു. ഇതോടെയാണ് കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങൾ താല്‍കാലികമായി അവസാനിച്ചത്.
എന്നാല്‍ അതിന് ശേഷവും ഉത്തരകൊറിയൻ മാധ്യമ റിപ്പോര്‍ട്ടുകളിൽ നിന്ന് കിമ്മിനെ കാണാനില്ലെന്ന് ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയ വക്താവ് യോഹ് സാങ് കീ ആരോപിച്ചു. ഇതേപ്പറ്റി ദക്ഷിണ കൊറിയയുടെ ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും യോഹ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2020 ജനുവരിയിലും 21 ദിവസത്തോളം കിം പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ജനുവരി 25ന് ഒരു സംഗീത പരിപാടിയിൽ പങ്കെടുത്ത കിം പിന്നീട് ഫെബ്രുവരി 16നാണ് വീണ്ടുമൊരു പൊതുപരിപാടിയില്‍ പങ്കെടുത്തത്. ഏപ്രിൽ 11ന് വർക്കേഴ്‌സ് പാർട്ടി പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുത്ത കിം പിന്നീടും മൂന്നാഴ്‌ചയോളം പൊതുപരിപാടികളില്‍ നിന്ന് അപ്രത്യക്ഷനായി. ഏപ്രിൽ 15ന് മുത്തച്ഛന്‍റെ പിറന്നാളാഘോഷങ്ങളിൽ നിന്ന് പോലും കിം വിട്ടുനിന്നിരുന്നു. ഇതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. അദ്ദേഹത്തിന് മസ്‌തിഷ്‌ക മരണം സംഭവിച്ചു എന്ന വാർത്തയും പല വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ടാണ് മെയ് ഒന്നിന് വളം ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ കിം പങ്കെടുത്ത ചിത്രങ്ങൾ പുറത്തുവന്നത്.