സിംഗപ്പൂർ: രണ്ട് എയർ ഇന്ത്യ വിമാനം വഴിയും ഒരു ബ്ലൂ ഡാർട്ട് വിമാനം വഴിയും 78 ടൺ പിപിഇ കിറ്റുകൾ ഇന്ത്യയിലേക്ക് അയക്കുമെന്ന് സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയിൽ നിന്നാണ് പിപിഇ കിറ്റുകൾ ഇന്ത്യയിലേക്ക് അയക്കുക. സ്‌പൈസ് ജെറ്റ്, ബ്ലൂ ഡാർട്ട്, ഇൻഡിഗോ തുടങ്ങിയ വിമാനങ്ങൾ ലൈഫ്‌ലൈൻ ഉഡാൻ, ചരക്ക് സർവീസുകൾ നടത്തുന്നുണ്ടെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് എസ് പുരി ഏപ്രിൽ 15ന് പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്ക് മെഡിക്കൽ കാർഗോ എത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ ക്രമീകരണമാണ് 'ലൈഫ്‌ലൈൻ ഉഡാൻ'.
സ്‌പൈസ് ജെറ്റ്: 230 വിമാനങ്ങൾ, 2765 ടൺ, ബ്ലൂ ഡാർട്ട്: 108 വിമാനങ്ങൾ, 1709 ടൺ, ഇൻഡിഗോ: 25 വിമാനങ്ങൾ, 21.77 ടൺ എന്നിങ്ങനെ ചരക്ക് സർവീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് വിമാനത്തിലൂടെ കയറ്റി അയച്ച മൊത്തം ചരക്ക് 240 ടൺ ആണ്. 1,41,080 കിലോമീറ്റർ സഞ്ചരിച്ച് 161 വിമാനങ്ങൾ ലൈഫ്‌ലൈൻ ഉഡാന് കീഴിൽ സർവീസ് നടത്തി.