സിംഗപ്പൂർ: ഇന്ത്യയിൽ നിന്നും നിന്നും സിംഗപ്പൂരിൽ എത്തിയ മൂന്ന് പേർക്ക് അടക്കം 188 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരിലെ ആകെ കൊവിഡ് ബാധിതർ 55,292 കടന്നു. ഇന്നലെ ദേശിയ ദിനം ആഘോഷിച്ച സിംഗപ്പൂരിലെ കൊവിഡ് ബാധിതർ 55,000 കടന്നിരുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ കൂടുതൽ ഐക്യവും ഊർജ്ജസ്വലതയും ആവശ്യമാണെന്ന് ദേശീയ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി ലീ ഹ്‌സിയൻ ലൂംഗ് പറഞ്ഞു.
സിംഗപ്പൂരിലേക്ക് തിരികെ എത്തിയ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ഇവരെ ക്വാറന്‍റൈനിലാക്കിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ത്യയിൽ നിന്നും തിരകെയെത്തിയ സിംഗപ്പൂർ പൗരനും വർക്ക് പാസിൽ ഇവിടെയെത്തിയ രണ്ട് ഇന്ത്യൻ പൗരന്മാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 23,500 ഓളം തൊഴിലാളികളാണ് ഐസൊലേഷനിൽ കഴിയുന്നത്. ക്വാറന്‍റൈൻ കാലയളവിന് ശേഷമാകും ഇവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുക.
സിംഗപ്പൂരിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് വാക്‌സിൻ ലഭ്യമാകാനായി ഒന്നോ രണ്ടോ വർഷമെടുക്കുമെന്നും നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ കൂട്ടിച്ചേർത്തു.