സിംഗപ്പൂർ: സമുദ്രനിരപ്പ് 2100 ഓടെ ഒരു മീറ്റർ ഉയരുമെന്ന് അന്താരാഷ്ട്ര ഗവേഷകരുടെ സംഘം വെളിപ്പെടുത്തി. ക്ലൈമറ്റ് ആന്‍റ് അറ്റ്‌മോസ്‌ഫെറിക് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതാപനത്തിൽ കുറവുണ്ടായെങ്കിലും 2100ഓടെ ഒരു മീറ്ററും 2300ഓടെ രണ്ട് മുതൽ അഞ്ച് മീറ്റർ വരെയും ഉയരുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ബെഞ്ചമിൻ ഹോർട്ടണാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.
സമുദ്രപഠന മേഖലയിൽ നിന്നുള്ള 106 വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്. സമുദ്രനിരപ്പിന്‍റെ ഉയർച്ച പരിമിതപ്പെടുത്തുന്നതിന് കുറഞ്ഞ മലിനീകരണ നയം പിന്തുടരേണ്ടതിന്‍റെ നിർണായക പ്രാധാന്യത്തിന് ഇത് അടിവരയിടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രധാന സൂചകമായ ഐസ് ഷീറ്റുകൾ വേഗത്തിൽ ഉരുകുന്നതായി സാറ്റ്‌ലൈറ്റ് അടിസ്ഥാനമാക്കിയുള്ള അളവുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, മലിനീകരണം വിജയകരമായി കുറയ്ക്കുന്നതിലൂടെ ഇതിന്‍റെ വ്യാപ്തിയും സ്വാധീനവും പരിമിതപ്പെടുത്താമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.