സിയോൾ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ദക്ഷിണ കൊറിയയിൽ 113 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നാലുമാസത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം 100ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ചരക്ക് കപ്പൽ ജോലിക്കാർക്കിടയിൽ രോഗം സ്ഥിരീകരിച്ചതിനാൽ കേസികളുടെ എണ്ണത്തിൽ താൽക്കാലിക വർദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചിരുന്നു. ദക്ഷിണ കൊറിയയിലെ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം മൊത്തം കേസുകൾ 14,092 ആയി. 298 മരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പുതിയ കേസുകളിൽ 86 എണ്ണം വിദേശത്ത് നിന്നുള്ളതാണ്. ഇറാഖിൽ നിന്ന് മടങ്ങിയെത്തിയ 36 ദക്ഷിണ കൊറിയൻ തൊഴിലാളികളും റഷ്യ ഫ്ലാഗ് ചെയ്ത ചരക്ക് കപ്പലിലെ 32 ക്രൂ അംഗങ്ങളും തെക്കൻ തുറമുഖമായ ബുസാനിൽ എത്തിയിരുന്നു. വിദേശത്ത് നിന്നെത്തിയ കേസുകൾ പ്രാദേശിക കേസുകളെക്കാൾ അപകടകരമാണെന്ന് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ പറയുന്നു.
ഇറാഖിൽ നിന്ന് രണ്ട് സൈനിക വിമാനങ്ങളിൽ വെള്ളിയാഴ്ച നാട്ടിലെത്തിയ 293 ദക്ഷിണ കൊറിയൻ തൊഴിലാളികളിൽ 89 പേരും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.