കാബൂൾ: തുടർച്ചയായ യുദ്ധങ്ങൾ കാരണം തകർന്ന ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ട് വരേണ്ടത് അനിവാര്യമാണെന്ന് വിദേശ്യകാര്യ മന്ത്രി എസ്. ജയ്ശങ്കർ. അഫ്ഗാനിസ്ഥാനിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സമാധാനം കൊണ്ട് വരണമെന്ന് താജിക്കിസ്ഥാന്‍റെ തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന ഒൻപതാമത് ഹാർട്ട് ഓഫ് ഏഷ്യ മിനിസ്റ്റിരയൽ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ജയ്ശങ്കർ പറഞ്ഞത്.
ഈ പ്രദേശങ്ങളിലുള്ളവരുട താൽപര്യങ്ങൾ സമന്വയിപ്പിക്കേണ്ടതുണ്ട്. തർക്കങ്ങൾ നിലനിൽക്കുന്ന കക്ഷികൾ പ്രതിബദ്ധതയോടെ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സാമാധാനം കൊണ്ട് വരാനാണ് നമ്മൾ ശ്രമിക്കുന്നത്. എന്നാൽ ഹാർട്ട് ഓഫ് ഏഷ്യ ദീർഘകാലമായി ആവിഷ്കരിച്ച തത്ത്വങ്ങൾ പാലിച്ചാൽ മാത്രമേ അത് സംഭവിക്കുകയുള്ളൂ എന്നും ജയ്ശങ്കർ പറഞ്ഞു. അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി എന്നിവരും കോൺഫറൻസിൽ പങ്കെടുത്തു.