യാങ്കോൺ: പട്ടാള അട്ടിമറിക്കെതിരെ എതിർപ്പുയരുന്നതിനാൽ മ്യാൻമറിൽ പുതിയ സൈനിക സർക്കാർ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്‌തു. തടവിലാക്കി വെച്ചിരിക്കുന്ന മ്യാൻമർ ദേശിയ നേതാവ് ആങ് സാൻ സൂചി ഉൾപ്പെടെയുള്ളവരെ വിട്ടയക്കണമെന്ന ആവശ്യവുമായി മ്യാൻമറിൽ പ്രതിഷേധം ശക്തമാകുകയാണ്.കൂടാതെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നാണ് അട്ടിമറിക്കെതിരെ എതിർപ്പുയരുന്നത്.
തിങ്കളാഴ്‌ച്ചയാണ് സർക്കാരിനെ അട്ടിമറിച്ച സൈന്യം ആങ് സാൻ സൂചിയെയും മറ്റു മുതിർന്ന രാഷ്‌ട്രീയ നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തത്. പട്ടാള അട്ടിമറിയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനടക്കം നിരവധി ലോകനേതാക്കളാണ് രംഗത്തെത്തിയത്. സൈന്യം അവർ പിടിച്ചെടുത്ത അധികാരം ഉപേക്ഷിക്കണം, തടഞ്ഞുവച്ചിരിക്കുന്ന അഭിഭാഷകരെയും ഉദ്യോഗസ്ഥരെയും മോചിപ്പിക്കണം, ആശയവിനിമയ സംവിധാനത്തിലുള്ള നിയന്ത്രണങ്ങൾ നീക്കണം, അക്രമത്തിൽ നിന്ന് വിട്ടുനിൽക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബൈഡൻ രംഗത്തെത്തിയത്. “ജനാധിപത്യ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ഉയർത്തിപ്പിടിക്കുക, അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക, മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും നിയമവാഴ്ചയെയും പൂർണമായി ബഹുമാനിക്കുക '' തുടങ്ങിയ നിർദ്ദേശങ്ങൾ നൽകി യുഎൻ സുരക്ഷാ സമിതിയും രംഗത്തെത്തിയിരുന്നു.
നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാംവട്ടവും മ്യാൻമറിൽ വൻ ഭൂരിപക്ഷത്തിൽ സ്യൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വീണ്ടും അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്‍റ് യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നാണ് പട്ടാളം അട്ടിമറിക്കായി തെരഞ്ഞെടുത്തത്. 1962- മുതൽ അരനൂറ്റാണ്ടോളം പട്ടാളം ഭരിച്ച മ്യാൻമറിൽ സൂചിയുടെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിലേറിയത് 2015 ലാണ്. 15 വർഷം വീട്ടു തടങ്കലിൽ കിടന്ന് ജനാധിപത്യ സമരം നടത്തിയാണ് സൂചി മ്യാൻമറിൽ അധികാരത്തിലെത്തുന്നത്.
2010-ൽ തെരഞ്ഞെടുപ്പ് നടത്താൻ പട്ടാളം അനുമതി നൽകിയെങ്കിലും സൂചിയുടെ തെരഞ്ഞെടുപ്പ് വിജയം പട്ടാളം അംഗീകരിച്ചില്ല. പരോമന്നത അധികാരം പട്ടാളത്തിൽ നിലനിറുത്തി സൂചിയെ ഒരു കൗൺസിലർ മാത്രമായി നിലനിറുത്തി. 2015 -ൽ വീണ്ടും തെരഞ്ഞെടുപ്പിൽ സൂചി വീണ്ടും വൻ പിന്തുണയോടെ വിജയിച്ചു. ലോക രാജ്യങ്ങളുടെ സമ്മർദത്തിൽ സൈന്യത്തിന് സൂചിക്ക് അധികാരം കൈമാറേണ്ടി വന്നു. തുടർന്ന് അധികാരത്തലേറിയ സൂചി വീട്ടു തടങ്കലിലായ നേതാകളെ മോചിപ്പിച്ച് രാജ്യത്ത് ജനാധിപത്യ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചു. അഞ്ച് വർഷം കൂടി ഭരണതുടർച്ച ആഗ്രഹിച്ചു തെരഞ്ഞെടുപ്പ് നടത്തിയ സൂചിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്.
രോഹിൻഗ്യ വംശഹത്യയുടെ പേരിൽ സമീപകാലത്തു രാജ്യാന്തര അംഗീകാരത്തിൽ ഇടിവ് സംഭവിച്ചിരുന്നെങ്കിലും ഇന്നും മ്യാൻമറിലെ ജനകീയ നേതാവ് സൂചിയെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് വിജയം. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെ പരാജയപെടുത്തി തിളക്കമാർന്ന വിജയം കരസ്ഥമാക്കി. ഇതാണ് പട്ടാളത്തെ പ്രകോപിച്ചതും വീണ്ടുമൊരു അട്ടിമറിയിലേക്ക് നയിച്ചതും.