വാഷിങ്‌ടണ്‍: കൊവിഡിന്‍റെ ഉത്തരവാദിത്തം ചൈനക്കാണെന്നും ലോകം ചൈനയെ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ അതിനായി നടപടികള്‍ ആരംഭിച്ചു തുടങ്ങി. ഇന്ത്യയില്‍ ചൈനീസ് ആപ്പുകളും സാധനങ്ങളും ഉപയോഗിക്കുന്നത് ബഹിഷ്‌ക്കരിച്ചത് അതിനുദാഹരണമാണെന്നും പോംപിയോ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അമേരിക്കയിലും ഇതിനോടകം തന്നെ ചൈന ബഹിഷ്‌കരണ നടപടികള്‍ ആരംഭിച്ചു. ലോകം മുഴുവന്‍ ചൈനയെ ബഹിഷ്‌ക്കരിക്കുന്ന നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യാത്രകള്‍ നിയന്ത്രിക്കേണ്ട സമയത്ത് ചൈനീസ് പൗരന്മാര്‍ക്ക് രാജ്യാന്തര യാത്രകള്‍ക്ക് അനുമതി നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനം സംബന്ധിച്ച ജാഗ്രത ചൈന മറ്റുള്ളവര്‍ക്ക് നല്‍കണമായിരുന്നു. അവരുടെ അനാസ്ഥമൂലം ലോകത്ത് പത്ത് ലക്ഷത്തിലധികം ജനങ്ങള്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചുവെന്നും പോംപിയോ ആരോപിച്ചു.
കൂടാതെ നിരവധി രാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ന്നു. ചൈനീസ് സര്‍ക്കാര്‍ ഇതിന്‍റെ ഉത്തരവാദിത്തം വഹിക്കണമെന്നും ഇതിനെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതികരിക്കണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് എത്രത്തോളം ഗുരുതരമായിരുന്നെന്ന് ചൈനീസ് സര്‍ക്കാരിന് അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72,847,422 ആയതായാണ് കണക്ക്. രോഗം ബാധിച്ച് ലോകത്ത് 1,621,150 പേര്‍ മരിച്ചു. ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് അമേരിക്കയിലാണ്. 16.5 മില്യണ്‍ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.