മിൻഡാനോ: നൂറിലധികം യാത്രക്കാരുമായി ഫിലിപ്പീൻസില്‍ നിന്ന് യാത്ര തിരിച്ച ബോട്ടിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. നിരവധിപേരെ കാണാതായി. ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെബു ദ്വീപില്‍ നിന്ന് മധ്യ ഫിലിപ്പീൻസിലേക്ക് പോവുകയായിരുന്ന ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. തീരത്തെത്താൻ രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ളപ്പോഴാണ് അപകടം. 138 യാത്രക്കാരും 38 ജീവനക്കാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് ഫിലിപ്പീന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ മിഖായേല്‍ ജോണ്‍ എന്‍സിന പറഞ്ഞു. അപകടത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.