കറാച്ചി: പാകിസ്ഥാനിൽ ബസിന് തീ പിടിച്ച് 13 പേർ മരിച്ചു. ഹൈദരാബാദിൽ നിന്ന് കറാച്ചിയിലെക്ക് പോയ വാഹനം അമിതവേഗതയിലായിരുന്നെന്നും തുടർന്ന് റോഡിൽ നിന്ന് തെന്നിമാറിയ വാഹനത്തിൽ തീപടരുകയായിരുന്നെന്നും പൊലീസും രക്ഷാപ്രവർത്തകരും പറഞ്ഞു.
ബസ്സിൽ 22 യാത്രക്കാരുണ്ടായിരുന്നെന്നും തീ പിടിത്തത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായും മോട്ടോർവേ ഐ.ജി ഡോ. അഫ്താബ് പത്താൻ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും ബസിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിൽ നിന്ന് 60 കിലോമീറ്റർ പിന്നിട്ട് ശേഷമാണ് വാഹനത്തിന് തീപിടിച്ചതെന്നും വാഹനം പൂർണമായും കത്തി നശിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. കറാച്ചിയിൽ നിന്നും ആംബുലൻസുകളും അഗ്നി ശമന സേനയുടെ വാഹനങ്ങളും സ്ഥലത്തെത്തി.