ന്യൂഡൽഹി: പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ഭീകരവിരുദ്ധ നിരീക്ഷണ സമിതിയായ എഫ് എ ടി എഫിന്‍റേതാണ് തീരുമാനം. ഭീകരതയുടെ പണ സ്രോതസ്സുകൾ തടയാനായി പ്രവർത്തിക്കുന്ന എഫ് എ ടി എഫിന്‍റെ ഗ്രേ പട്ടികയിൽ 2018 മുതൽ പാകിസ്ഥാൻ ഉണ്ട്.
പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് പാകിസ്ഥാൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്നു ദിവസമായി നടന്ന എഫ് എ ടി എഫ് വെർച്വൽ പ്ലീനറി സെഷൻ പാക് ആവശ്യം തള്ളി. ഭീകരതയ്ക്കെതിരായ കർമപദ്ധതി പൂർണ്ണമാക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന് എഫ് എ ടി എഫ് വിലയിരുത്തി. ഭീകരതയ്ക്ക് വേരുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ തുടരും. നിരോധിത തീവ്രവാദ സംഘടനകളായ ലഷ്കർ-ഇ-തായിബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അവരുടെ തലവന്മാരായ ഹാഫിസ് സയീദ്, മസൂദ് അസർ, സയ്യിദ് സലാഹുദ്ദീൻ എന്നിവർക്ക് പാകിസ്ഥാൻ ഭരണകൂടത്തിന്‍റെ സംരക്ഷണം ലഭിക്കുന്നുവെന്ന് എഫ് എ ടി എഫ്.
ഇമ്രാൻ ഖാൻ സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പാകിസ്ഥാൻ ഇപ്പോഴും ഭീകരതയുടെ താവളമാണെന്ന് ഇന്ത്യ എഫ് എ ടി എഫിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഗ്രേ പട്ടികയിൽ തുടരുന്നത് പാകിസ്ഥാന് ആഗോള സാമ്പത്തിക സഹായങ്ങൾ കിട്ടാൻ തടസമാണ്. ഇനി 2021 ഫെബ്രുവരിയിൽ മാത്രമേ പട്ടിക പുനഃപരിശോധിക്കൂ.