ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിന് പിന്നാലെ സംയുക്ത പാർലമെന്‍റ് സമ്മേളനം വിളിച്ച് ചേർത്ത് പാകിസ്ഥാൻ. ദേശീയ സുരക്ഷാ യോഗത്തിലാണ് ഇന്ന് സംയുക്ത പാർലമെന്‍റ് സമ്മേളനം വിളിക്കാൻ ധാരണയായത്. പാർലമെന്‍ററി കാര്യമന്ത്രി അലി മുഹമ്മദ് ഖാൻ ഇക്കാര്യം സ്ഥിരീകരിച്ചതായി പാക് മാധ്യമം റിപ്പോർട്ട് ചെയ്തു.
പ്രതിപക്ഷ പാർട്ടികളായ പാക് മുസ്ലീം ലീഗ് - നവാസ്, പാകിസ്ഥാൻ പീപ്പിള്‍സ് പാർട്ടി എന്നിവരും സംയുക്ത സമ്മേളനം വിളിച്ച് ചേർക്കണമെന്ന്ആവശ്യപ്പെട്ടു. യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് നിലവിലെന്നും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ച് ഒന്നിച്ച് നിൽക്കുമെന്നും ഇവർ അറിയിച്ചു. സുഷമാ സ്വരാജിനെ അതിഥിയാക്കിയ ഇസ്ലാമിക് രാഷ്ട്രങ്ങളുടെ ഉച്ച കോടിയിൽ നിന്ന് പാകിസ്ഥാൻ പിന്മാറണമെന്ന ആവശ്യവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചു.നിലവിലെ സാഹചര്യം എങ്ങനെ നേരിടണമെന്ന തീരുമാനം ഇന്നത്തെപാർലമെന്‍റ് സമ്മേളനത്തിൽ കൈക്കൊണ്ടേക്കുമെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും അടിയന്തര യോഗം വിളിച്ചിരുന്നു. പാക് സൈനിക വിഭാഗങ്ങള്‍ക്കും അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. അതിനിടെ ഇന്ത്യ വ്യോമാക്രമണം നടത്തിയ മേഖലയിൽ രാജ്യാന്തര മാധ്യമങ്ങളെ എത്തിക്കുമെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. ഇതിനായി ഹെലികോപ്ടറുകള്‍ തയ്യാറാക്കിയതായും കാഴ്ചപരിധി കുറവായതിനാൽ കാലാവസ്ഥ അനുകൂലമാകുമ്പോള്‍ യാത്ര ആരംഭിക്കുമെന്നും ഖുറേഷി അറിയിച്ചിരുന്നു.