ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഏതറ്റം വരെയും പോകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിനായി അവസാനം വരെയും പോരാടും. അടുത്ത മാസം 27ന് യുഎന്‍ പൊതുസഭയില്‍ വിഷയം ഉന്നയിക്കും. കശ്മീരിനെ സംബന്ധിച്ച നിർണായക തീരുമാനങ്ങളുണ്ടാവുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാൻ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിലേക്ക് കടക്കുകയാണെങ്കില്‍ ഓര്‍ക്കണം, രണ്ട് രാജ്യങ്ങള്‍ക്കും ആണവായുധമുണ്ട്. ആണവയുദ്ധത്തില്‍ ആരും വിജയികളാവില്ലെന്നും ഓര്‍ക്കണം. ലോകശക്തികള്‍ക്ക് അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. പക്ഷെ അവര്‍ പിന്തുണച്ചില്ലെങ്കിലും കശ്മീരിനായി ഏതറ്റം വരെയും പാകിസ്ഥാന്‍ പോകുമെന്നും ഇമ്രാന്‍ വ്യക്തമാക്കി.
കശ്മീർ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന നിലപാട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തിരുത്തിയതിന് പിന്നാലെയായിരുന്നു ഇമ്രാന്‍റെ പ്രതികരണം. ജിഏഴ് ഉച്ചകോടിക്കിടെയുള്ള ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ കശ്മീരില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്ന് ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് മധ്യസ്ഥതാ നിര്‍ദേശത്തില്‍ നിന്നും ട്രംപ് പിന്നോട്ട് പോയത്. 'എന്തിനും ഞാനിവിടെയുണ്ട്, രണ്ട് നേതാക്കളും എന്‍റെ സുഹൃത്തുക്കളാണ്. എന്നാൽ അവർ തമ്മിൽ ചർച്ച നടത്തി പ്രശ്നം തീർക്കാമെന്ന് പറയുമ്പോൾ അത് അംഗീകരിക്കണം' എന്നും ട്രംപ് പറഞ്ഞു. കശ്മീരിൽ കാര്യങ്ങൾ മോദിയുടെ നിയന്ത്രണത്തിൽ നില്‍ക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.