ഇസ്ലാമാബാദ്: ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബ് പ്രവിശ്യയിലെയും ഇസ്ലാമാബാദ് തലസ്ഥാന പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മെയ് 31 വരെ നീട്ടി. വ്യാപാരികൾക്കും ബിസിനസുകാർക്കും ചില ഇളവുകൾ നൽകിയാണ് ലോക്ക് ഡൗൺ നീട്ടുക.
നിർമാണമേഖലയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വ്യവസായങ്ങളും, നെഗറ്റീവ് പട്ടികയിൽ ഉൾപ്പെടുത്താത്ത എല്ലാ ഫാക്ടറികളും, കയറ്റുമതി വ്യവസായം, എല്ലാ റീട്ടെയിൽ ഷോപ്പുകൾ, വലിയ ഷോപ്പിംഗ് മാളുകൾ ഒഴികെയുള്ള മാർക്കറ്റുകൾ ചെറിയ ഷോപ്പുകൾ, പാർക്കുകൾ, ട്രയലുകൾ, ഗോൾഫ് ക്ലബ്ബുകൾ, ടെന്നീസ് കോർട്ടുകൾ, പൊതു സദസ്സില്ലാത്ത സമാന സൗകര്യങ്ങൾ എന്നിവ തുറക്കാൻ അനുവദിച്ചിരിക്കുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് ഹംസ ഷഫ്കാത്തിന്‍റെ ഓഫീസ് അറിയിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,991 പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഞായറാഴ്ച പാക്കിസ്ഥാനിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 29,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ ആരോഗ്യ സേവന മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണങ്ങൾ 639 ആയി. ഇതുവരെ 8,023 പേർക്ക് കൊവിഡ് ഭേദമായതായി മന്ത്രാലയം അറിയിച്ചു.