ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ചർച്ചയിൽ പാകിസ്ഥാനെ അപമാനിക്കാൻ ശ്രമിക്കരുതെന്ന് അഫ്ഗാന് മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ. അഫ്ഗാൻ നേതാക്കളുടെ വൈറ്റ് ഹൈസ് സന്ദർശനത്തിൽ പാകിസ്ഥാൻ ചർച്ച വിഷയമാകുമെന്ന സൂചനയെ തുടർന്നാണ് പാകിസ്ഥാന്‍റെ പ്രതികരണം.
അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയും അഫ്ഗാൻ ദേശീയ ഹൈ കൗൺസിൽ ചെയർമാനുമായ അബ്ദുല്ല അബ്ദുല്ലയും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി ഈ ആഴ്ച കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന്‍റെ കാരണം ഇസ്ലാമാബാദ് ആണെന്ന് അമേരിക്കൻ ചർച്ചയിൽ പറയുമെന്ന് പാകിസ്ഥാൻ ഭയപ്പെടുന്നുണ്ടെന്നാണ് അഫ്ഗാൻ അധികൃതരുടെ പ്രതികരണം.
അഫ്ഗാൻ - പാക് വാക്പോര്
അഫ്ഗാനിൽ അപകടകരമായി എന്ത് സംഭവിച്ചാലും അതിൽ പാകിസ്ഥാന് ഉത്തവാദിത്വം ഇല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കിയിരുന്നു. അഫ്ഗാനിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്ന അമേരിക്ക അഫ്ഗാനിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പാകിസ്ഥാനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ അത് സമാധാന പ്രക്രിയയെ സഹായിക്കില്ല ‘ ഖുറേഷി പറഞ്ഞിരുന്നു. ഇസ്ലാമാബാദിലെ പാക്-അഫ്ഗാൻ ഉഭയകക്ഷി സംഭാഷണത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖുറേഷി .
അഫ്ഗാനിൽ സമാധാനം സ്ഥാപിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും എന്തെങ്കിലും തെറ്റായി സംഭവിച്ച് കഴിഞ്ഞ് അതിനു ഉത്തരവാദി പാകിസ്താൻ ആണെന്ന് പറഞ്ഞാൽ ഇനി അത് അംഗീകരിക്കില്ലെന്നും ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞിരുന്നു.
സമാധാന പ്രക്രിയകൾ വിജയിക്കണമെങ്കിൽ അഫ്ഗാന് ഒരു ഉറച്ച നേതൃത്വം ആവശ്യമാണ് . രാജ്യത്തിന്‍റെ മുന്നോട്ടുള്ള വഴി തീരുമാനിക്കേണ്ടത് അഫ്ഗാനികളാണ് . അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന് ഒരു നിക്ഷിപ്ത താല്പര്യങ്ങളുമില്ല. – ഖുറേഷി പറഞ്ഞു.
താലിബാൻ വക്താക്കൾ അല്ല
” ഞങ്ങൾ താലിബാന്‍റെ വക്താക്കളാണെന്ന് പൊതുവായ ഒരു സംസാരമുണ്ട്. എന്നാൽ അത് തെറ്റാണ് ഞാനും അവരെ പ്രതിനിധീകരിക്കുന്നില്ല, ഞാൻ പാകിസ്ഥാനെയാണ് പ്രതിനിധീകരിക്കുന്നത്. താലിബാൻ അഫ്ഗാനികളാണ്.”ഖുറേഷി പറഞ്ഞു.
പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള കുറ്റപ്പെടുത്തലിലൂടെ ആരും ഒന്നും നേടില്ലെന്നും അത് അവസാനിപ്പിക്കണമെന്നും ഖുറേഷി പറഞ്ഞു. മാത്രമല്ല, അഫ്ഗാൻ വൈസ് പ്രസിഡന്റിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും സമീപകാല പ്രസ്താവനകളിലും ഖുറേഷി ആശങ്ക പ്രകടിപ്പിച്ചു.
Also Read: പാക് സൈനിക താവളങ്ങൾ അമേരിക്കയ്‌ക്ക് നൽകില്ലെന്ന് ഇമ്രാൻ ഖാൻ
ജൂൺ 25നാണ് അഫ്ഗാൻ പ്രസിഡന്‍റും ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച. എന്നാൽ അമേരിക്കൻ സന്ദർശനം യാതൊരു വിധത്തിലും ഉപകാരപ്രദമാകില്ലെന്ന് താലിബാൻ പ്രതികരിച്ചു.