ഇസ്ലാമാബാദ്: ചാരവൃത്തിയിൽ ഏർപ്പെട്ട ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പാകിസ്ഥാൻ.
ഇന്ത്യയുടെ വാദം അടിസ്ഥാനരഹിതമാണെന്നും വിയന്ന കൺവെൻഷന്‍റെയും നയതന്ത്ര മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇന്ത്യൻ നടപടിയെന്നും പാകിസ്ഥാൻ ആരോപിച്ചു.
ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മെയ് 31 ന് ഇന്ത്യൻ അധികൃതർ നീക്കിയെന്നാണ് പാകിസ്ഥാൻ വിദേശകാര്യാലയത്തിന്‍റെ വാദം. അതേസമയം, പുറത്താക്കിയ ഉദ്യോഗസ്ഥരോട് 48 മണിക്കൂറിൽ രാജ്യം വിടണമെന്ന് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.