ഇസ്ലാമാബാദ്: ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ(എഫ്എടിഎഫ്)ആവശ്യം മുന്‍നിര്‍ത്തി കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനുള്ള ബില്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലി പാസാക്കി. പാർലമെന്‍ററി കാര്യ സഹമന്ത്രി അലി മുഹമ്മദ് ഖാനാണ് ബിൽ അസംബ്ലിയില്‍ അവതരിപ്പിച്ചത്. ബില്ലിലൂടെ ഉടമ്പടികളില്‍ ഒപ്പുവെക്കാതെ തന്നെ വിദേശ രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ തേടാനും മറ്റ് രാജ്യങ്ങളുടെ ആവശ്യപ്രകാരം സ്വന്തം പൗരന്മാരെ കൈമാറാനും സർക്കാരിന് കഴിയും. ബില്ലിനെതിരെ രംഗത്തെത്തിയ പാകിസ്ഥാന്‍ പീപ്പിൾസ് പാര്‍ട്ടി നേതാവ് സയദ് നവീദ് ഖ്വമര്‍, പാക് പൗരന്മാരുടെ മൗലികാവകാശങ്ങൾക്കെതിരായി നിലകൊള്ളുന്ന നിയമനിര്‍മാണസഭയാണ് ദേശീയ അസംബ്ലിയെന്ന് കുറ്റപ്പെടുത്തി. എന്നാൽ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ഫവാദ് ചൗധരി, ബില്ലിനെ എതിർത്തതിന് പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. എല്ലാ രാജ്യങ്ങളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എഫ്‌എടിഎഫുമായി പങ്കുവെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 21മുതൽ 24വരെ ബീജിങ്ങില്‍ നടക്കുന്ന എഫ്എടിഎഫ് യോഗം പാകിസ്ഥാന് നിർണായകമാകും. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തടയുന്നതിനായി രൂപീകരിച്ച എഫ്‌എടിഎഫ് പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന ആശങ്കയാണ് പുതിയ തീരുമാനത്തിന് കാരണം. ബീജിങ്ങിലെ യോഗത്തില്‍ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ പാകിസ്ഥാന് കടുത്ത തിരിച്ചടികൾ നേരിടേണ്ടിവരും.