ന്യൂയോര്‍ക്ക്: സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ പ്രസംഗം ബഹിഷ്‌കരിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. കശ്‌മീരിലെ ഉപരോധം നീക്കാതെ ഇന്ത്യയുമായി സഹകരിക്കില്ലെന്നാണ് പാക് മന്ത്രിയുടെ വാദം.
കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്തുകയും ഇന്ത്യന്‍ അംബാസഡറോട് തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അതേസമയം കശ്‌മീര്‍ വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് പാകിസ്ഥാന്‍ എത്തിക്കാന്‍ ശ്രമം നടത്തിയതോടെ കശ്‌മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഇടപെടെണ്ടെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
2014ല്‍ നേപ്പാളിനാണ് അവസാനമായി സാര്‍ക്ക് ഉച്ചകോടി നടന്നത്. ഉറി ആക്രമണത്തില്‍ പ്രതിഷേധിച്ച് 2016 ലെ സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യയും ബംഗ്ലാദേശും ഭൂട്ടാനും പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ യോഗം റദ്ദാക്കിയിരുന്നു.