ലാഹോര്‍: 1986 ൽ പഞ്ചാബ് പ്രവിശ്യയിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരദുരുപയോഗം നടത്തിയെന്ന് ആരോപിച്ച് 34 വർഷം പഴക്കമുള്ള ഭൂമി അലോട്ട്‌മെന്‍റ് കേസില്‍ നവാസ് ഷെരീഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഷെരീഫിനെതിരെ ചുമത്തിയത്. ഇതിന്‍റെ ഭാഗമായി ഷെരീഫിന്‍റെ വിദേശത്തെ താമസ സ്ഥലത്തേക്കും സമന്‍സ് അയക്കാന്‍ ജഡ്‌ജി ആസാദ് അലി പോലീസിന് നിർദേശം നൽകി. അന്വേഷണ സംഘത്തിന് മുന്നിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനാല്‍ മുൻ പ്രധാനമന്ത്രി ഈ കേസിൽ 'ഒളിവിലാണ്' എന്ന് പ്രഖ്യാപിച്ചു.
ഒരു പ്രമുഖ പാക് മീഡിയ ഗ്രൂപ്പ് ഉടമ മിർ ഷക്കിലൂർ റഹ്മാനും കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി റിമാന്‍റിലാക്കിയിരുന്നു. ഷക്കിലൂർ റഹ്മാന്‍റെ ജുഡീഷ്യൽ റിമാൻഡ് കാലാവധി സെപ്റ്റംബർ മൂന്ന് വരെ നീട്ടി. ചികിത്സക്കായി വിദേശത്തേക്ക് പോകാൻ എൽഎച്ച്‌സി നാല് ആഴ്ച അനുമതി നൽകിയതിനെ തുടർന്ന് ഷെരീഫ് കഴിഞ്ഞ നവംബറിൽ ലണ്ടനിലേക്ക് പോയിരുന്നു. ആരോഗ്യം വീണ്ടെടുക്കുകയും യാത്ര ചെയ്യാന്‍ പ്രാപ്തനാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്താല്‍ ഉടന്‍ തന്നെ അദ്ദേഹം പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തുമെന്ന് കോടതിയെ അറിയച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൂന്നാഴ്ച മുമ്പ്, ലാഹോർ ഹൈക്കോടതിയിൽ ഷെരീഫ് തന്‍റെ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചു. കൊവിഡ്-19 ബാധിച്ചേക്കാമെന്നതിനാൽ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാൽ ഷെരീഫിന് ഉടന്‍ രാജ്യത്ത് തിരിച്ചെത്താനാവില്ല.