കാബൂൾ: രണ്ട് പ്രവിശ്യകളിലായി അഫ്ഗാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 33 ഓളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കൻ ജാവ്ജാൻ പ്രവിശ്യാ തലസ്ഥാനമായ ഷിബർഗനിലുള്ള മുർഗാബിലെയും ഹസൻ തബ്ബലെയും തീവ്രവാദികളുടെ ഒളിത്താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ 19 തീവ്രവാദികൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസ്താവന ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെക്കൻ ഹെൽമണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കർ ഗായിലുണ്ടായ വ്യോമസേന ആക്രമണത്തില്‍ പതിനാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ഇവരുടെ വാഹനങ്ങളും, ബങ്കറുകളും, ആയുധങ്ങളും സൈന്യം നശിപ്പിച്ചു.
തങ്ങളുടെ രാജ്യത്തേക്ക് താലിബാൻ ഇരച്ചുകയറുന്നതിനിടയിലാണ് അഫ്‌ഗാൻ തിരച്ചടിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി അഫ്ഗാൻ സേനയ്ക്കും സാധാരണക്കാർക്കും നേരെ താലിബാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ 419 ജില്ലാ കേന്ദ്രങ്ങളിൽ പകുതിയും താലിബാന്‍റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ട്.
also read: 'അഫ്‌ഗാനിസ്ഥാനെ സംരക്ഷിക്കും'; ഒപ്പം ചേരാൻ ജനങ്ങളോട് അഭ്യർഥിച്ച് താലിബാൻ മേധാവി