പ്യോംഗ്യാംഗ്: അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന പുത്തന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയന്‍ പ്രകോപനം വീണ്ടും. പുകുക്സോങ്-3 എന്ന് പേരിട്ടിരിക്കുന്ന മിസൈല്‍ സമുദ്രത്തിന്‍റെ ആഴങ്ങളില്‍ നിന്ന് ആകാശത്തേക്ക് കുതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 450 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചു. എന്നാല്‍ മുമ്പത്തെ പോലെ ഇത് നേരിട്ട് വീക്ഷിക്കാന്‍ കിം ജോങ് ഉന്‍ എത്തിയില്ല.
വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട ചിത്രം ആണവായുധം വഹിക്കാനും ശേഷിയുള്ള മിസൈലിന്‍റെ പരീക്ഷണം വിജയമായിരുന്നുവെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെല്ലാം മിസൈലിന്‍റെ പ്രഹരപരിധിയില്‍പ്പെടും. ഉത്തരകൊറിയ ഈ വര്‍ഷം നടത്തുന്ന പതിനൊന്നാമത്തെ മിസൈല്‍ പരീക്ഷണമാണിത്. രാജ്യത്തിന്‍റെ ഔദ്യോഗിക ദിനപത്രമായ റൊഡോങ് പരീക്ഷണത്തിന്‍റെ ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി രണ്ട് പേജുള്ള ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. 2016ല്‍ പരീക്ഷിച്ച മിസൈലിന്‍റെ പുതിയ പതിപ്പാണ് ഇപ്പോള്‍ പരീക്ഷിച്ചതെന്നാണ് ഫീച്ചറില്‍ പറയുന്നത്. പരിധിയും ശേഷിയും പുതിയ പതിപ്പില്‍ കൂടുതലാണ്.
വാര്‍ത്ത ഏജന്‍സി പുറത്തുവിട്ട ചിത്രം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ചര്‍ച്ചക്ക് തയ്യാറായ ശേഷമുള്ള ഉത്തര കൊറിയയുടെ ഏറ്റവും വലിയ പ്രകോപനമായാണ് ഈ പരീക്ഷണത്തെ വിലയിരുത്തുന്നത്. അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടർപരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതായി 2018ല്‍ കിം ജോങ് ഉൻ നടത്തിയ പ്രഖ്യാപനം ലോകത്തിന് ആശ്വാസം പകരുന്നതായിരുന്നു. ആവശ്യമായ അണ്വായുധങ്ങളും മിസൈലുകളും വിജയകരമായി വികസിപ്പിച്ച് കഴിഞ്ഞതിനാൽ രാജ്യത്തെ ആണവപരീക്ഷണ കേന്ദ്രമായ പൻഗീരിയ അടച്ചുപൂട്ടുമെന്നും കിം പറഞ്ഞിരുന്നു.
Intro:Body:
പുത്തൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചാണു ഭീഷണി മുഴക്കിയത്. സമുദ്രത്തിൽനിന്നു വിക്ഷേപിക്കാവുന്ന പുകുക്സോങ്–3 മിസൈലിന് ആണവായുധം വഹിക്കാനും ശേഷിയുണ്ടെന്ന് ഉത്തര കൊറിയ സമ്മതിച്ചു.
തീരനഗരമായ വൊൻസാനിൽനിന്നു 17 കിലോമീറ്റർ മാറി ബുധനാഴ്ചയായിരുന്നു പരീക്ഷണം. 2019ലെ പതിനൊന്നാമത്തെ മിസൈൽ പരീക്ഷണമാണിത്. മുങ്ങിക്കപ്പലുകളിൽനിന്ന് വിക്ഷേപിക്കാവുന്ന പുകുക്സോങ്–3 വിജയമായതോടെ സ്വന്തം രാജ്യാതിർത്തിക്കു പുറത്തുകടന്ന് ആക്രമണം നടത്താൻ ഉത്തര കൊറിയയ്ക്കു സാധിക്കുമെന്നാണു വിലയിരുത്തൽ.
450 കിലോമീറ്റർ ദൂരം മിസൈൽ സഞ്ചരിച്ചെന്നാണു ദക്ഷിണ കൊറിയ പറയുന്നത്. 910 കിലോമീറ്റർ ഉയരത്തിൽ എത്തിയശേഷമാണു ജപ്പാൻ കടലിൽ (ഈസ്റ്റ് സീ) പതിച്ചത്. രാജ്യാന്തര സ്പേസ് സ്റ്റേഷൻ (ഐഎസ്എസ്) പ്രവർത്തിക്കുന്നതിനേക്കാൾ ഇരട്ടി ഉയരത്തിലാണു മിസൈൽ പറന്നത്. രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച സമുദ്ര ഭാഗത്താണു മിസൈൽ വീണതെന്നു ജപ്പാൻ അറിയിച്ചു.
‘പുറത്തുനിന്നുള്ള ഭീഷണി ചെറുക്കാനും സ്വയംരക്ഷയ്ക്കുമുള്ള’ പരീക്ഷണം വിജയമായി എന്നായിരുന്നു ഉത്തര കൊറിയയുടെ വാർത്താ ഏജൻസി കെസിഎൻഎയുടെ അറിയിപ്പ്. മുൻപത്തെ പോലെ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉൻ വിക്ഷേപണം വീക്ഷിക്കുന്ന ചിത്രം ഇത്തവണ പുറത്തുവന്നിട്ടില്ല.
1990ൽ നിർമിച്ച റോമിയോ ക്ലാസ് അന്തർവാഹിനികളാണ് ഉത്തര കൊറിയയുടെ പക്കലുള്ളത്. ഇവയ്ക്ക് 7,000 കിലോമീറ്റർ ദൂരപരിധിയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ അവകാശപ്പെടുന്നു. ഇവയിൽ ഭൂരിഭാഗവും ഡീസലിൽ പ്രവർത്തിക്കുന്നവയാണ്. ശബ്ദം കൂടുതലായതിനാൽ ഇവയെ കണ്ടുപിടിക്കുക എളുപ്പമാണെന്നും വാദമുണ്ട്.
വിക്ഷേപണം പുതിയ അന്തർവാഹിനിയിൽ ആണോ എന്നതിൽ അവ്യക്തതയുണ്ട്. ഉത്തര കൊറിയ ഏറ്റവും ഉയരത്തിൽ വിക്ഷേപിച്ച മിസൈൽ പക്ഷേ ഇതല്ല. 2017 മേയിൽ ഹ്വസോങ് 12 ബാലിസ്റ്റിക് റോക്കറ്റ് 2,111 കിലോമീറ്റർ ഉയരത്തിലെത്തി. ആണവ പോർമുന വഹിക്കാവുന്ന ഈ മിസൈലിന് 4,500 കിലോമീറ്റർ ദൂരത്തേക്കു പറക്കാനാകുമെന്ന് ആയുധ വിദഗ്ധർ പറയുന്നു.
അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടർപരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതായി കിം ജോങ് ഉൻ 2018 ഏപ്രിലിൽ പ്രഖ്യാപിച്ചതു ലോകം ഏറെ ആശ്വാസത്തോടെയാണു കേട്ടത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിമ്മുമായുള്ള ഉച്ചകോടിക്കു മുന്നോടിയായിരുന്നു പ്രഖ്യാപനം. അപ്പോഴും അണ്വായുധങ്ങളോ ബാലിസ്റ്റിക് മിസൈലുകളോ ഉപേക്ഷിക്കുമെന്ന സൂചന ഉത്തര കൊറിയ നൽകിയിരുന്നില്ല. ആവശ്യമായ അണ്വായുധങ്ങളും മിസൈലുകളും വിജയകരമായി വികസിപ്പിച്ചു കഴിഞ്ഞതിനാൽ രാജ്യത്തെ ഏക ആണവപരീക്ഷണ കേന്ദ്രമായ പൻഗീരിയ അടച്ചുപൂട്ടുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
കൊറിയൻ മേഖലയിലെ സമാധാനത്തിനായുള്ള നയതന്ത്രനീക്കങ്ങളിൽ നിർണായക ചുവടുവയ്പായാണ് ഉത്തര കൊറിയയുടെ പ്രഖ്യാപനം വിലയിരുത്തപ്പെട്ടത്. ഇത് ഉത്തരകൊറിയയ്ക്കും ലോകത്തിനും സദ്‍വാർത്തയാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു. പ്രഖ്യാപനത്തെ യൂറോപ്യൻ യൂണിയനും ഉത്തര കൊറിയയുടെ ഏക സഖ്യകക്ഷിയായ ചൈനയും ജപ്പാനും സ്വാഗതം ചെയ്തു. ഐക്യരാഷ്ട്ര സംഘടന, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവർ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങളെ തുടർന്നാണു കിം വിട്ടുവീഴ്ചയ്ക്കു തയാറായത്.
ഇരു കൊറിയകളുടെയും സേനാരഹിത മേഖലയിലാണു ട്രംപും കിം ജോങ് ഉന്നും ആദ്യം സമാധാന ചർച്ച നടത്തിയത്. ഫെബ്രുവരിയിൽ ഹാനോയിയിൽ നടത്തിയ രണ്ടാംവട്ട ചർച്ചയും പക്ഷേ പരാജയമായിരുന്നു. ഉപരോധത്തിൽ ഉടൻ അയവു വരുത്തണമെന്നതായിരുന്നു കിമ്മിന്റെ ആവശ്യം. യുഎസ് നിലപാടിൽ അയവുണ്ടായില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നൽകി. യുഎസുമായുള്ള ചർച്ചകൾ വഴിമുട്ടിനിൽക്കെ, ഇക്കഴിഞ്ഞ മേയിൽ ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിച്ച് ഉത്തര കൊറിയ പഴയ സ്വഭാവം പുറത്തെടുത്തു. 2017 നവംബറിനു ശേഷം നിർത്തിവച്ച വിക്ഷേപണമാണ് അന്നു പുനരാരംഭിച്ചത്.
ഉപരോധത്തിൽ അയവ് വേണമെന്നുണ്ടെങ്കിൽ ആണവ നിരായുധീകരണം സംബന്ധിച്ചു പ്രത്യക്ഷത്തിൽ ബോധ്യമാകണമെന്നു ദക്ഷിണ കൊറിയ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു മിസൈൽ വിക്ഷേപണം. ഹാനോയ് ചർച്ച പരാജയപ്പെട്ടശേഷം ദക്ഷിണ കൊറിയ അനുനയനീക്കങ്ങൾ നടത്തിയെങ്കിലും മധ്യസ്ഥ വേഷം കെട്ടേണ്ടെന്നായിരുന്നു ഉത്തര കൊറിയയുടെ പ്രതികരണം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കിം നടത്തിയ ഉച്ചകോടിയും ഫലംകണ്ടില്ല. ഇതോടെയാണ് ആക്രമണത്തിന്റെയും ഭീഷണിയുടെയും മാർഗത്തിലൂടെ കരുത്താർജിക്കാൻ കിം ഒരുങ്ങിയത്.
ആഴക്കടലിൽനിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈൽ കൊണ്ട് പലവിധ ലക്ഷ്യങ്ങളാണ് കിമ്മിനുള്ളത്. പുകുക്സോങ്–3ന്റെ പ്രത്യേകതകളാണ് അവരുടെ കരുത്ത്. ആണവ പോർമുനയുമായി 1,900 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ളതാണു മിസൈൽ. ദക്ഷിണ കൊറിയയും ജപ്പാനും ഈ ദൂരപരിധിക്കുള്ളിലാണ്.
അന്തർവാഹിനികളിൽനിന്നു വിക്ഷേപിക്കാമെന്നതാണ് പുതിയ മിസൈലിന്റെ സവിശേഷത. സമുദ്രാന്തർ ഭാഗത്തു മിസൈലുമായി നീങ്ങുന്നത് എതിരാളികൾക്കു കണ്ടുപിടിക്കാനും പ്രയാസമായിരിക്കും. കടലിനടിയിലൂടെ സഞ്ചരിച്ചു ലക്ഷ്യസ്ഥാനത്തിന്റെ തൊട്ടടുത്തെത്തി വിക്ഷേപിക്കാമെന്നതു പുകുക്സോങ്–3നെ വേറിട്ടുനിർത്തുന്നു.
മേഖലയിലെ ‘സുരക്ഷയുടെ കുഴിമാടം’ തോണ്ടുന്ന നിമിഷം എന്നാണു പുകുക്സോങ്–3 വിക്ഷേപണത്തെ, ‘കിം ജോങ് ഉൻ ആൻഡ് ദ് ബോംബ്’ എന്ന പുസ്തകമെഴുതിയ അങ്കിത് പാണ്ഡ വിശേഷിപ്പിച്ചത്. വടക്കുകിഴക്കൻ ഏഷ്യൻ പ്രദേശത്തെ മാരകമായി ബാധിക്കുന്ന വിഷയമാണിത്. ഉത്തര കൊറിയൻ ശാസ്ത്രജ്ഞരുടെ ഏറെക്കാലമായുള്ള ആഗ്രഹത്തിന്റെയും ശ്രമത്തിന്റെയും ഫലമാണ് അന്തർവാഹിനികളിൽനിന്നു തൊടുക്കാവുന്ന പുകുക്സോങ്–3 എന്ന ബാലിസ്റ്റിക് മിസൈൽ. പരീക്ഷണം വിജയകരമായിരുന്നു എന്നത് അവരുടെ ആത്മവിശ്വാസം കൂട്ടും.
പുകുക്സോങ്–3 കുത്തനെ പോകുന്നതിനു പകരം തിരശ്ചീനമായി സഞ്ചരിച്ചാൽ ജപ്പാന്റെ നാലു പ്രധാന ദ്വീപുകളും ദക്ഷിണ കൊറിയ മുഴുവനായും പരിധിയിൽ വരും. ഉത്തര കൊറിയ ഇതുവരെ നിർമിച്ചവയിൽ ഏറ്റവും വലിയ സോളിഡ് ഫ്യുവൽ സംവിധാനമാണു പുകുക്സോങ്–3ന്റെ മറ്റൊരു സവിശേഷത. സാധാരണമായി കാണാറുള്ള ലിക്വിഡ് ഫ്യുവൽ സംവിധാനത്തേക്കാൾ വളരെ മെച്ചപ്പെട്ടതാണിത്. ലിക്വിഡിനേക്കാൾ നന്നായി പ്രതികരണശേഷിയും വഴക്കവുമുണ്ട് സോളിഡിന്. മിസൈൽ ഉപയോഗത്തിന് ധാരാളം ഇന്ധനമോ തയാറെടുപ്പോ ആവശ്യമില്ലെന്നും അങ്കിത് പാണ്ഡ ചൂണ്ടിക്കാട്ടുന്നു.
പുകുക്സോങ്–3 കൂടാതെ പ്രധാനമായും ഒൻപതു മിസൈലുകളാണ് ഉത്തര കൊറിയയ്ക്കുള്ളത്. ഹ്വസോങ് 15 ആണ് കൂട്ടത്തിലെ ഭീമൻ. 13,000 കിലോമീറ്ററാണു ദൂരപരിധി. കെഎൻ–08, കെഎൻ–14, ഹ്വസോങ് 14 (മൂന്നിനും 10,000 കിലോമീറ്റർ വീതം), ഹ്വസോങ് 12 (4,500 കിലോമീറ്റർ), മുസുദാൻ (4,000 കിലോമീറ്റർ), നൊദോങ് (1,500 കിലോമീറ്റർ), കെഎൻ 11 (1,200 കിലോമീറ്റർ), കെഎൻ 23 (450 കിലോമീറ്റർ) എന്നിവയാണ് മറ്റുള്ളവ. ഉത്തരകൊറിയ ഇതുവരെ ആറ് ആണവപരീക്ഷണങ്ങളാണു നടത്തിയിട്ടുള്ളത്. 2006 ഒക്ടോബർ ഒൻപതിന് ആയിരുന്നു ആദ്യ ആണവപരീക്ഷണം. പൊട്ടിച്ച ആയുധത്തിന് ഒരു കിലോടൺ ആയിരുന്നു ശേഷി.
2009 മേയ് 25ന് കിൽജുവിൽ രണ്ടാംപരീക്ഷണം. ഭരണം ഏറ്റെടുക്കാൻ കിം ജോങ് ഉൻ കാട്ടിയ ‘ഷോ ഓഫാണെന്നു’ വിമർശനം. 2013 ഫെബ്രുവരി 12ന് ഉപരോധങ്ങളെയും ശാസനകളെയും വകവയ്ക്കാതെ മൂന്നാം പരീക്ഷണം. 2016 ജനുവരി ആറിന് ആദ്യമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചെന്ന് ഉത്തര കൊറിയയുടെ അവകാശവാദം. എട്ടുമാസത്തിനു ശേഷം 2016 സെപ്റ്റംബർ ഒൻപതിനു വീണ്ടും പരീക്ഷണം. 2017 സെപ്റ്റംബർ മൂന്നിന് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു. ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ സ്ഫോടനമായിരുന്നു അത്. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായെന്നു യുഎസ് ആരോപിച്ചു.
Conclusion: