ഉത്തര കൊറിയന്‍ ദേശീയ അസംബ്ലിയിലേക്കുളള തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തി കിം ജോംങ് ഉന്നും. തന്‍റെ ജില്ലയായ പ്യോഗ്യാങ്ങിലെത്തിയാണ് കിം വോട്ട് രേഖപ്പെടുത്തിയത്. 700 അംഗങ്ങളടങ്ങുന്ന ദേശീയ അസംബ്ലിയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മത്സരം എന്ന നിലയിലല്ല വടക്കൻ കൊറിയയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനങ്ങള്‍ സ്ഥാനാർഥിയെ അംഗീകരിക്കുന്നോ ഇല്ലയോ എന്ന് മാത്രമാണ് പരിശോധിക്കുക. വളരെ വിരളമായി മാത്രമാണ് സ്ഥാനാർഥിയെ അംഗീകരിക്കുന്നില്ലെന്ന് വോട്ടർമാർ പറയാറ്.
എല്ലാ അഞ്ച് വർഷം കൂടുമ്പോഴും ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടക്കും. പേപ്പറിൽ മാത്രമാണെങ്കിലും രാജ്യത്തിന്‍റെ അധികാരം ദേശീയ അസംബ്ലിയിൽ നിക്ഷിപ്തമാണ്. രാജ്യത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നുളളവരും വ്യത്യസ്ഥ വിഭാഗങ്ങളിൽ നിന്നുളളവരും സ്ഥാനാർഥികളായുണ്ടാകും. ഭരണത്തിലിരിക്കുന്ന കൊറിയൻ വർക്കേഴ്സ് പാർട്ടിയും ഏതാനും ചില സഖ്യ കക്ഷികളുമാണ് സ്ഥാനാർഥിയെ നിശ്ചയിക്കാറ്. പാർട്ടിയിലും, സർക്കാരിലും സേനയിലുമെല്ലാം പരമാധികാരമുണ്ടെങ്കിലും സ്വന്തം ജില്ലയായ പ്യോഗ്യാങ്ങിൽ കിം മത്സരിക്കുന്നുണ്ട്.