വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആർദേന്‍ തന്‍റെ ദീർഘകാല പങ്കാളിയെ ഔദ്യോഗികമായി വിവാഹം കഴിക്കാൻ ഒരുങ്ങുന്നു. അതേസമയം വിവാഹദിനം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഒരു പ്രഭാതഭക്ഷണ പരിപാടിക്കിടെയാണ്, താനും ക്ലാർക്ക് ഗെയ്‌ഫോർഡും തമ്മിലുള്ള വിവാഹത്തിന് തിയ്യതി നിശ്ചയിച്ചെന്ന കാര്യം ജസീന്ദ വ്യക്തമാക്കിയത്.
ടി.വി അവതാരകനാണ് ക്ലാർക്ക് ഗെയ്ഫോര്‍ഡ്. ഒരു പരിപാടിക്കിടെയാണ് ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. ഒരർത്ഥത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഗെയ്ഫോർഡ്-ജസീന്ത. ഇവരുടെ ഓമനമൃഗമായിരുന്ന പാഡിൽസ് എന്ന പൂച്ചയും ന്യൂസിലാൻഡിൽ ഒരു സെലിബ്രിറ്റിയെപോലെയായിരുന്നു. ഈ പൂച്ചയുടെ പേരിൽ ട്വിറ്റർ അക്കൗണ്ട് വരെ ഉണ്ടായിരുന്നു. എന്നാൽ 2017 നവംബറിൽ ഓക്‌ലന്‍ഡില്‍വച്ച് കാറിടിച്ച് പാഡിൽ ചത്തുപോയി.
പ്രധാനമന്ത്രിയായിരിക്കെയാണ് ജസീന്ത ഗർഭിണിയായത്. 2018 ജൂൺ 21ന് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലപ്പത്ത് ഇരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ ഭരണാധികാരിയെന്ന വിശേഷണവും ജസീന്ത സ്വന്തമാക്കി. ഇക്കാര്യത്തിൽ ബേനസീർ ഭൂട്ടോയാണ് ആദ്യത്തെയാള്‍. നെവ് എന്നാണ് ജസീന്ദയുടെ രണ്ടുവയസുകാരിയായ മകളുടെ പേര്. അതേസമയം വിവാഹത്തിന് വധുവിന്‍റെ വസ്ത്രം മോഡേണ്‍ ആകുമോ എന്ന ചോദ്യത്തിന് തനിക്ക് നാല്‍പ്പത് വയസുണ്ടെന്നായിരുന്നു ആര്‍ദേനിന്‍റെ മറുപടി.