ബെയ്‌ജിങ്: കൊവിഡിനെതിരായ ഉയർന്ന ന്യൂട്രലൈസിങ് ആന്‍റീബോഡികൾ സംയോജിത പ്ലാസ്മയിൽ നിന്ന് സിംഗിൾ സെൽ സീക്വൻസിങ്ങിലൂടെ ചൈനീസ് ശാസ്‌ത്രജ്ഞർ കണ്ടെത്തി. ന്യൂട്രലൈസിങ് ആന്‍റീബോഡികൾക്ക് ശരീരത്തിൽ പ്രവേശിക്കുന്ന വൈറസുകളെ ഫലപ്രദമായി തടയാൻ കഴിയുമെന്ന് പഠനം പറയുന്നു. ന്യൂട്രലൈസിങ് ആന്‍റിബോഡികൾ കൊവിഡിനുള്ള പരിഹാരമാണെന്നും ഇത് മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ചുവെന്നും ചൈനീസ് ശാസ്‌ത്രജ്ഞർ വ്യക്തമാക്കി.
ക്ലിനിക്കൽ ഉപയോഗത്തിന് അനുയോജ്യമായ ന്യൂട്രലൈസിങ് ആന്‍റിബോഡികൾ വികസിപ്പിക്കുന്നതിന് പലപ്പോഴും മാസങ്ങളോ വർഷങ്ങളോ സമയമെടുക്കുമെന്നും ശാസ്‌ത്രജ്ഞർ പറയുന്നു. പഠനമനുസരിച്ച് രോഗം ബാധിച്ച എലികളിലേക്ക് ബിഡി -368-2 ആന്‍റിബോഡി കുത്തിവച്ചപ്പോൾ വൈറസ് ലോഡ് 2,400 മടങ്ങ് കുറഞ്ഞുവെന്നും കൂടാതെ ബിഡി -368-2 ഉപയോഗിച്ച് അണുബാധയില്ലാത്ത എലികൾക്ക് കുത്തിവച്ചപ്പോൾ, വൈറസ് ബാധിക്കുന്നതിൽ നിന്ന് അവരെ സംരക്ഷിക്കാൻ സാധിച്ചെന്നും ഇവർ അഭിപ്രായപ്പെട്ടു.