കാഠ്മണ്ഡു: നേപ്പാൾ പാർലമെന്‍റ് പിരിച്ചുവിടുന്നതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ് കോളേന്ദ്ര ഷുംഷർ ജെ. ബി റാണയുടെ ബെഞ്ച് ബുധനാഴ്ച മുതൽ പരിഗണിയ്ക്കും. മൊത്തം 12 റിട്ട് ഹർജികൾ നേപ്പാൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 11 അപേക്ഷകളുടെ വാദം ഇന്ന് കേൾക്കും. ഒരെണ്ണത്തിന്‍റെ വാദം വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലിയുടെ ശുപാർശപ്രകാരം രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരി ഞായറാഴ്ചയാണ് പാർലമെന്‍റ് ലോവർ സഭ പിരിച്ചുവിട്ടത്. ഞായറാഴ്‌ച രാവിലെ ഒലിയുടെ വീട്ടിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിച്ചത്. 2017ൽ തെരഞ്ഞെടുക്കപ്പെട്ട 275 അംഗ ജനപ്രതിനിധി സഭയ്ക്ക് 2022 വരെ കാലാവധിയുണ്ടായിരുന്നു. രണ്ടു ഘട്ടമായി നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് വരുന്ന ഏപ്രിൽ 30നും മേയ് 10നും ആയിരിക്കുമെന്നും രാഷ്ട്രപതി ഭവൻ അറിയിച്ചു.