കാഠ്‌മണ്ഡു: നേപ്പാൾ ഭൂപടം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ചർച്ച മാറ്റിവച്ചു. നേപ്പാൾ ജനപ്രതിനിധി സഭയിൽ നടക്കേണ്ടിയിരുന്ന ചർച്ചയാണ് മാറ്റിവച്ചത്. ദേശീയ സമവായം തേടാൻ ചില രാഷ്‌ട്രീയ പാർട്ടികൾ തീരുമാനിച്ചതിനെ തുടർന്ന് തീരുമാനം വൈകുകയായിരുന്നു. നിയമമന്ത്രി ശിവമയ തുംബഹാംഫെ രണ്ട് മണിക്ക് ഇത് സംബന്ധിച്ചുള്ള നിർദേശം അവതരിപ്പിക്കുമെന്നായിരുന്നു പാർലമെന്‍റ് സെക്രട്ടേറിയേറ്റ് ഷെഡ്യൂളിൽ പ്രസിദ്ധീകരിച്ചത്.
മെയ് 18 ന് കലാപാനി, ലിപുലെഖ്, ലിമിപിയാദുര എന്നിവ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന നേപ്പാളിന്‍റെ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയതിന് ശേഷം മെയ് 22ന് സർക്കാർ പാർലമെന്‍റിൽ ഭരണഘടന ഭേദഗതിക്കുള്ള നിർദേശം രജിസ്റ്റർ ചെയ്യുകയായിരുന്നു. ടിബറ്റ് ഓട്ടോണമസ് റീജിയൺ ഓഫ് ചൈനയിലേക്ക് ലിപുലെഖ് വഴി ഇന്ത്യ റോഡ് തുറന്നതിനുള്ള മറുപടിയായാണ് നേപ്പാൾ പുതിയ മാപ്പ് പുറത്തിറക്കിയത്. ഭരണഘടനാ ഭേദഗതിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാൽ പ്രമേയം ഏകകണ്ഠമായി പാസാക്കുന്നതിനായി സമവായം ഉണ്ടാക്കാൻ പ്രധാനമന്ത്രി കെപി ശർമ ഒലി ചൊവ്വാഴ്‌ച എല്ലാ പാർട്ടികളുടെയും യോഗം വിളിച്ചിരുന്നു.