കാഠ്മണ്ഡു (നേപ്പാള്‍): ഇന്ത്യ- നേപ്പാള്‍ ഭൂപട വിവാദം ചൂടുപിടിച്ചുനില്‍ക്കേ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച 20 പേരെ നേപ്പാള്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നിരോധിത മാവോയിസ്‌റ്റ് ഗ്രൂപ്പുമായി ബന്ധമുള്ള സംഘടനയിലെ അംഗങ്ങളായ വിദ്യാഥികള്‍ക്കെതിരെയാണ് പൊലീസ് നടപടി. സംഘടനയുടെ നേതാവ് നേത്ര ബിക്രം ചന്ദും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്.
ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തില്‍ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കാണിച്ചിട്ടുള്ള കാലാപാനിയെന്ന സ്ഥലം തങ്ങളുടേതാണെന്നാണ് നേപ്പാളിന്‍റെ അവകാശവാദം. നേപ്പാളിലെ ഡർച്ചുല ജില്ലയിലെ പ്രദേശമാണ് കാലാപാനിയെന്ന് നേപ്പാള്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി തര്‍ക്കം ഉടലെടുത്ത്. ജമ്മു കശ്‌മിരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ഔദ്യോഗിക ഭൂപടം ഇന്ത്യ പുറത്തിറക്കിയത്. ഇതിന് പിന്നാലെ നവംബര്‍ ആറിന് വിദ്യാര്‍ഥി സംഘടന പ്രക്ഷോഭം ആരംഭിച്ചിരുന്നു.
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ എല്ലാം പാര്‍ട്ടികളുടെയും സംയുക്‌ത യോഗത്തില്‍ വിഷയം സമാധാനപരമായി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന തീരുമാനത്തിലെത്തിയിരുന്നു. വിഷയം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും, അതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തണമെന്നും നേപ്പാളിലെ മുന്‍ പ്രധാനമന്ത്രി ബാബുറാം ഭട്ടറായ് അടക്കമുള്ള നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യവിരുദ്ധ മുദ്രാവാക്യവുമായി വിദ്യാര്‍ഥി സംഘടന രംഗത്തെത്തിയത്
ആരോപണമുയര്‍ന്നതിന് തൊട്ടുപിന്നാലെ നേപ്പാളിന്‍റെ അവകാശവാദം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇന്ത്യയ്‌ക്ക് അവകാശപ്പെട്ട ഭൂമിയിലെ അതിര്‍ത്തിയിലാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും, അതിര്‍ത്തികളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്‌തമാക്കിയിരുന്നു.