കാഠ്‌മണ്ഡു: നേപ്പാളില്‍ 226 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത ദിവസമാണിന്ന്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,798 ആയി ഉയര്‍ന്നു. 23 ജില്ലകളിലായാണ് 226 പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. ബികാഷ് ദേവകോട്ട. നേപ്പാളിലെ 77 ജില്ലകളില്‍ 59 എണ്ണത്തിലും കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡെയ്‌ലെഖില്‍ 41 കേസുകളും കപിൽവാസ്തുവിൽ 40 കേസുകളും സർലാഹിയിൽ 38 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം പ്രവിശ്യ ഒന്നില്‍ 168 പേര്‍ക്കും പ്രവിശ്യ രണ്ടില്‍ 694 പേര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബാഗ്മതി പ്രവിശ്യയിൽ 46 കേസുകളും ഗന്ധകി പ്രവിശ്യയിൽ 26 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്‌തു. പ്രവിശ്യ അഞ്ചിൽ 621 പേര്‍ക്കും കർണാലിയിൽ 198 പേര്‍ക്കും സുദുർപാസ്‌ചിമില്‍ 45 പേര്‍ക്കും വൈറസ് ബാധയേറ്റു. 221 പേർ രോഗമുക്തരായി. രണ്ട് വയസുള്ള കുഞ്ഞുൾപ്പെടെ എട്ട് പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.