കാഠ്‌മണ്ഡു: നേപ്പാളിലെ ലാംജങില്‍ ഇന്ന് രാവിലെയുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഏഴ് വീടുകള്‍ക്ക് നാശനഷ്‌ടം ഉണ്ടായതായും പൊലീസ് റിപ്പോര്‍ട്ട് ചെയ്‌തു. മണ്ണ് കൊണ്ടുണ്ടാക്കിയ വീടുകള്‍ക്കാണ് നാശനഷ്‌ടം ഉണ്ടായത്. ഇതാകാം ആളുകള്‍ക്ക് പരിക്കേല്‍ക്കാനിടയാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം. നാശനഷ്‌ടത്തിന്‍റെ കണക്കുകള്‍ ശേഖരിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read more: നേപ്പാളിൽ ഭൂചലനം ; 5.8 തീവ്രത രേഖപ്പെടുത്തി
കാഠ്‌മണ്ഡുവിൽ നിന്ന് 113 കിലോമീറ്റർ വടക്കുപടിഞ്ഞാറൻ നേപ്പാളിൽ പുലർച്ചെ 5.42 ഓടെയാണ് ഭൂചലനം ഉണ്ടായത്. ലാംജങിലെ ഭുല്‍ഭുലെ, ഭന്‍ജ്‌കേത് എന്നി പ്രദേശങ്ങളില്‍ 5.8 തീവ്രതയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 2015 ല്‍ ഗോര്‍ഖയിലുണ്ടായ ഭൂചലനത്തിന്‍റെ ആഘാതം മൂലമാണ് ലാംജങില്‍ ഭൂചലനമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗോര്‍ഖയുടെ അയല്‍ ജില്ലയാണ് ലാംജങ്. 2015 ല്‍ ഗോര്‍ഖയിലുണ്ടായ ഭൂചലനത്തില്‍ പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്‌ടമാവുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.