ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 175,000ത്തോളം പേരെ കൊവിഡ് പരിശോധന നടത്തുന്നതിൽ നിന്നും ആരോഗ്യമന്ത്രാലയം നിഷേധിച്ചതായി റിപ്പോർട്ട്. വൈറസ് സാന്നിധ്യം പരിശോധിക്കുന്നതിനുള്ള മാനദണ്ഡങ്ങളുമായി ഇവർ യോജിക്കാത്തതിനാലാണ് പരിശോധന നടത്താതിരുന്നത്. രോഗി വിദേശയാത്ര നടത്തിയിരുന്നോ ഇല്ലയോ എന്ന തരത്തിലുള്ള മാനദണ്ഡങ്ങളിൽ ഉൾപെടാത്തവരെയാണ് പരിശോധനക്ക് വിധേയമാക്കാതിരുന്നത്. കൊവിഡ് പരിശോധനയ്ക്കായി രാജ്യത്തൊട്ടാകെയുള്ള സർക്കാർ ആശുപത്രികളിൽ 2,50,000 പേർ റിപ്പോർട്ട് ചെയ്‌തതായി 'ഡെയ്‌ലി ജംഗ്' എന്ന ഉറുദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയിൽ സംശയാസ്‌പദമായ 74,000 കേസുകൾ മാത്രമാണ് പരിശോധനയ്‌ക്കയച്ചത്. പരിശോധനാഫലത്തിൽ 6,000 ത്തോളം പേർ രോഗബാധിതരാണെന്ന് കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്.
പാകിസ്ഥാനിൽ ഇതുവരെ 6,245 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 112ൽ കൂടുതൽ ആളുകൾ രോഗബാധിതരായി മരിക്കുകയും ചെയ്‌തു. രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചു വന്ന സമയത്ത് ലബോറട്ടറികളുടെയും വൈറസ് പരിശോധനയുടെയും എണ്ണം വളരെ കുറവായിരുന്നത് മറ്റൊരു പ്രതിസന്ധിയായിരുന്നു.