നയ്‌പിത്ത്യോ: സൈനിക അട്ടിമറിക്കെതിരായ പ്രക്ഷോഭം നിലനിൽക്കേ മ്യാൻമറിലെ പ്രതിഷേധക്കാർക്ക് നേരെ സൈനികരുടെ വെടിവയ്‌പ്പ്. വെടിവയ്പ്പിൽ 114 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തലയിലും പിറകില്‍ നിന്നും വെടിവച്ചാണ് സൈനികർ പ്രതിഷേധകരെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. യാങ്കോൺ, മണ്ടാലെ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധം തുടരുകയാണ്.
സൈനിക ഭരണകൂടത്തിന്‍റെ ആക്രമണത്തെ യു.എൻ. സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസും മ്യാൻമറിലെ യു.എൻ. ഓഫീസും അപലപിച്ചു. സൈനികരുടെ ഇത്തരത്തിലുള്ള നടപടി സ്വീകാര്യമല്ല. ഈ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അന്താരാഷ്‌ട്ര തലത്തിൽ ഇതിനൊരു പ്രതികരണം ആവശ്യപ്പെടുന്നുവെന്നും യു.എൻ. സെക്രട്ടറി ജനറൽ വക്താവ് ഫർഹാൻ ഹക്ക് പ്രതികരിച്ചു. സൈനിക നടപടി പൂർണമായും അസ്വീകാര്യമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും യു.എൻ. ഓഫീസ് കൂട്ടിച്ചേർത്തു.
ഫെബ്രുവരി ഒന്നിനാണ് മ്യാൻമർ സൈന്യം സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നത്. തുടർന്ന് രാജ്യത്ത് ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. സൈനിക അട്ടിമറിക്കെതിരെ മ്യാൻമറിൽ പ്രക്ഷോഭം തുടരുകയാണ്.