റാവല്‍പിണ്ടി (പാകിസ്ഥാന്‍): പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യകളിൽ സുരക്ഷസേന നടത്തിയ രണ്ട് വ്യത്യസ്‌ത ഓപ്പറേഷനുകളിൽ 12 വിഘടനവാദികള്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ഹോഷാബ് മേഖലയിൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ 10 വിഘടനവാദികള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദ ന്യൂസ് ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്‌തു.
ഇവരുടെ പക്കല്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. തുർബത്ത്, പസ്‌നി മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെടിവയ്പ്പിലും സുരക്ഷസേനക്ക് നേരെയുണ്ടായ ആക്രമണങ്ങളിലും ഉള്‍പ്പെട്ടിരുന്നവരാണ് ഇവരെന്നാണ് ദ ന്യൂസ് ഇന്‍റർനാഷണൽ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഖൈബർ പഖ്‌തൂൺഖ്വയിലെ ദേര ഇസ്‌മായിൽ ഖാൻ ജില്ലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനില്‍ രണ്ട് വിഘടനവാദികള്‍ കൊല്ലപ്പെട്ടു. സബ് മെഷീൻ തോക്കുകൾ, ഹാൻഡ് ഗ്രനേഡുകൾ ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. ജനുവരിയിൽ മാത്രം ഇസ്‌ലാമാബാദ്, ലാഹോർ എന്നിവയുൾപ്പടെയുള്ള പ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് നിരവധി ഭീകരാക്രമണങ്ങളുണ്ടായിരുന്നു.
Also read: യുദ്ധമുനയില്‍ യൂറോപ്പ്: സഹായം തേടി യുക്രൈൻ; ലോകരാജ്യങ്ങള്‍ ഇരുചേരിയില്‍