ആരാണ് സമ്പന്നൻ, ലോകത്ത് ഏറെ ചർച്ചയാകുന്ന ചോദ്യമാണിത്. ചിലർ വരുമാനത്തിന്‍റെയും ആസ്തിയുടെയും കണക്ക് പറയുമ്പോള്‍ മറ്റ് ചിലർ സന്തോഷത്തിന്‍റെയും മനസമാധാനത്തിന്‍റെ കഥ പറയുന്നു. ഇതില്‍ വരുമാനത്തിന്‍റെ കാര്യത്തിലുള്ള സന്തോഷം നമുക്ക് അളക്കാവുന്നതാണ്.
സമ്പന്നരുടെ പട്ടിക ലോകത്തെ വിവിധ ഏജൻസികളും മാധ്യമങ്ങളും തയാറാക്കാറുണ്ട്. കൂട്ടത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്നത് അന്താരാഷ്‌ട്ര മാസികയായ ഫോര്‍ബ്‌സിന്‍റെ പട്ടികയാണ്. ഇവരുടെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസാണ് ലോകത്തിലെ ഏറ്റവും സമ്പന്നൻ.
198.1 ബില്യണ്‍ ഡോളറാണ് ജെഫിന്‍റെ ആസ്തി. എല്‍.വി.എം.എച്ച് മേധാവി ബെർണാഡ് ആർനൗള്‍ട്ട്, ടെസ്‌ല സ്ഥാപകൻ എലോണ്‍ മസ്ക് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈ കണക്ക് കൃത്യമായ ഇടവേളകളില്‍ മാറിവരാറുണ്ട്. ഇതിനപ്പുറം. ലോകത്തിലെ എക്കാലത്തെയും സമ്പന്നരുടെ പട്ടികയുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ചിലരാണ് ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ഒന്നാമത് നില്‍ക്കുന്ന ആളുടെ ആസ്തി പരിശോധിച്ചാണ് ഇപ്പോഴത്തെ ന്യൂജെൻ സമ്പന്നരൊക്കെ വഴിമാറിക്കൊടുക്കേണ്ടിവരും.
ആരാണ് മൻസ മൂസ ?
മൻസ മൂസ 1280 - മുതല്‍ 1337 വരെ ജീവിച്ചിരുന്ന, മാലി സാമ്രാജ്യം അടക്കിവാണ രാജാവ്. ഇതാണ് ആ താരം . 2012 ല്‍ പുറത്തിറങ്ങിയ ഒരു റിപ്പോർട്ട് പ്രകാരം 400 ബില്യണ്‍ ഡോളറാണ് മൻസ മൂസയുടെ ആസ്തി. എന്നാല്‍ ചരിത്ര ഗവേഷകർ ഈ കണക്ക് അംഗീകരിക്കുന്നില്ല. എണ്ണിയാലൊടുങ്ങാത്ത ആസ്തിയുള്ള രാജാവെന്നാണ് മൂസയെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.
1337ല്‍ ഇദ്ദേഹം അധികാരം ഉപേക്ഷിച്ച് നാട് വിട്ടെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. കടല്‍ യാത്രകള്‍ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന മൂസ അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ അപ്പുറം എന്താണെന്ന് അറിയാനായി യാത്ര പോകുകയായിരുന്നുവെന്നാണ് പതിനാലാം നൂറ്റാണ്ടിലെ സിറിയൻ ചരിത്രകാരനായ ഷിബാബ് അൽ-ഉമാരി അടയാളപ്പെടുത്തിയിരിക്കുന്നത്.
also read: 'പതിച്ചത് 150 കി.മീ വ്യാസത്തില്‍ ഗര്‍ത്തമുണ്ടാക്കിയ ഉല്‍ക്ക' ; ദിനോസറുകളുടെ അന്തകനായ ഛിന്നഗ്രഹം
രണ്ടായിരം കപ്പലുകളും അടിമകളായ ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഒരു വൻ സംഘമായാണ് മൂസ യാത്ര തിരിച്ചത്. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മൂസ തെക്കേ അമേരിക്കയിലെത്തിയിരുന്നുവെന്ന് അമേരിക്കൻ ചരിത്രകാരനായ ഇവാൻ വാൻ സെർട്ടിമയെപ്പോലെ ചിലർ വാദിച്ചിരുന്നു. എന്നാൽ ഇതിന് തെളിവുകളൊന്നുമില്ല.
1337 വരെയുള്ള ഭരണക്കാലത്ത് മാലി സാമ്രാജ്യത്തെ ഏറെ മുന്നോട്ട് നയിച്ച രാജാവാണ് മൻസ മൂസ. ടിംബക്റ്റു ഉൾപ്പെടെ 24 നഗരങ്ങൾ അദ്ദേഹം പിടിച്ചെടുത്തിരുന്നു. അറ്റ്‌ലാന്‍റിക് സമുദ്രം മുതൽ ഇന്നത്തെ നൈജർ വരെ ഏകദേശം 2,000 മൈൽ വരെ മൂസയുടെ സാമ്രാജ്യം വ്യാപിച്ച് കിടന്നിരുന്നു.
ഇപ്പോഴത്തെ സെനഗൽ, മൗറിറ്റാനിയ, മാലി, ബർകിന ഫാസോ, നൈഗർ, ഗാംബിയ, ഗ്വിനിയ-ബിസൗ, ഗ്വിനിയ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളെല്ലാം അന്ന് മൂസയുടെ അധീനതയിലായിരുന്നു.
മാലി സാമ്രാജ്യം
ഉപ്പിനാലും സ്വര്‍ണത്താലും വിഭവ സമൃദ്ധമായിരുന്നു മാലി സാമ്രാജ്യം. അക്കാലത്ത് ലോകത്ത് ആകെയുണ്ടായിരുന്ന സ്വര്‍ണത്തിന്‍റെ പകുതിയും മൻസ മൂസയുടെ ഭരണക്കാലത്ത് മാലി സാമ്രാജ്യത്തിലായിരുന്നുവെന്ന് ബ്രീട്ടിഷ് മ്യൂസിയത്തിലെ രേഖകള്‍ വ്യക്തമാക്കുന്നു.
ഈ സ്വത്തിന്‍റെയെല്ലാം അവകാശം രാജാവിനായിരുന്നു. മറ്റ് രാജ്യങ്ങളിലേക്ക് സ്വർണം കയറ്റുമതി ചെയ്‌ത് കണക്കില്ലാത്ത വിധം സ്വത്ത് മൂസ സ്വന്തമാക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
മൂസയുടെ മക്ക യാത്ര
കണക്കില്ലാത്ത സ്വത്തുണ്ടെങ്കിലും മാലി സാമ്രാജ്യം ലോക ശ്രദ്ധ നേടിയിരുന്നില്ല. ഈജ്‌പിറ്റിലെ സഹാറ മരുഭൂമി കടന്ന് പുണ്യനഗരമായ മക്കയിലേക്ക് പോകാനുള്ള മൻസ മൂസയുടെ തീരുമാനമാണ് എല്ലാം മാറ്റിമറിച്ചത്.
also read: ആണ് എത്തിയാല്‍ പിഴ ; പണത്തിലല്ല, അപൂര്‍വ കല്ലുകളാല്‍ ; പെണ്ണിന് മാത്രം പ്രവേശനമുള്ള കാട്
60,000 പുരുഷന്മാരെ ഒപ്പം കൂട്ടിയാണ് മൂസ മക്ക യാത്ര ആരംഭിച്ചത്. കൊട്ടാരം ഉദ്യോഗസ്ഥർ, പടയാളികള്‍, നിയമജ്ഞർ, കലാകാരന്മാർ, കച്ചവടക്കാര്‍, 12,000 അടിമകള്‍, എന്നിവർക്ക് പുറമെ ആയിരക്കണക്കിന് ഒട്ടകങ്ങളും, ആടുകളും സംഘത്തിലുണ്ടായിരുന്നു. ഒരു നഗരം കടന്നുപോകുന്നത് പോലെയായിരുന്നു മൂസയുടെ മക്കാ യാത്ര.
അടിമകള്‍ പോലും പട്ട് വസ്‌ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഓരോ ഒട്ടകങ്ങളുടെ പുറത്തും നൂറുകണക്കിന് കിലോ സ്വര്‍ണവും ഉണ്ടായിരുന്നു. കെയ്‌റോയിലെത്തിയപ്പോഴേക്ക് ഇവരുടെ യാത്ര ഒരുപാട് പേര്‍ക്ക് ഏറെ കൗതുകം നിറഞ്ഞ ഒന്നായി.
കെയ്‌റോയില്‍ സ്വര്‍ണത്തിനുണ്ടായ മൂല്യ തകര്‍ച്ച
മാലി രാജാവ് അല്‍ - ഉമാരിയുടെ സന്ദർശനത്തിന് 12 വർഷം കഴിഞ്ഞാണ് മറ്റൊരു മാലി രാജാവ് കെയ്‌റോയിലെത്തിയത്. അതിസമ്പന്നതുടെ അടയാളമായി നഗരത്തിലെത്തിയ മൂസയെ കെയ്‌റോയിലെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ അത് മറ്റ് ചില പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു.
മൂന്ന് മാസമാണ് മൻസ മൂസയും സംഘവും കെയ്‌റോയില്‍ തങ്ങിയത്. തങ്ങളുടെ കൈവശമുള്ള കണക്കില്ലാത്ത സ്വർണത്തിന്‍റെ ഒരു ഭാഗം യാതൊരു നിയന്ത്രണവുമില്ലാതെ മൂസയും സംഘവും കെയ്‌റോയില്‍ ചെലവഴിച്ചു. ഇത് കെയ്‌റോയിലെ സ്വര്‍ണവില കുത്തനെ ഇടിയാൻ കാരണമായി. 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണവില താഴ്‌ന്നതോടെ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ പൂർണമായി തകര്‍ന്നു.
അമേരിക്ക ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ സ്മാർട്ട് അസറ്റ് ഡോട്ട് കോമിന്‍റെ കണക്ക് പ്രകാരം മൂസയുടെ തീര്‍ഥാടനം മധ്യ പൂര്‍വേഷ്യയില്‍ 1.5 ബില്യണ്‍ ഡോളറിന്‍റെ നഷ്‌ടം വരുത്തിവച്ചു. സ്വർണത്തിന്‍റെ മൂല്യ തകര്‍ച്ചയായിരുന്നു അടിസ്ഥാന കാരണം.
മക്ക സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ മൻസ മൂസ വീണ്ടും ഈജിപ്റ്റിലൂടെ കടന്നുപോയി. രാജ്യത്തെ സാമ്പത്തിക സ്ഥിതി മനസിലാക്കിയ മൂസ പ്രദേശത്തെ പണം കടം കൊടുക്കുന്നവരില്‍ നിന്ന് വലിയ തുകയ്‌ക്ക് സ്വർണം തിരികെ വാങ്ങി. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭൂരിഭാഗം സ്വർണവും മൂസ തിരികെ വാങ്ങിയെന്നും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. മാലിയുടെ സമ്പത്ത് സാമ്രാജ്യത്തിന് പുറത്ത് ചെലവഴിച്ചതില്‍ മാലിയിലെ പലർക്കും മൂസയോട് എതിര്‍പ്പുണ്ടായിരുന്നുവെന്നും കവികള്‍ രാജാവിനെ സ്‌തുതിച്ച് കവിത എഴുതുന്നത് നിർത്തിയിരുന്നുവെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മൻസ മൂസ തന്‍റെ തീർഥാടന വേളയിൽ ധാരാളം സ്വർണം ചെലവഴിച്ചു, അല്ലെങ്കിൽ പാഴാക്കി എന്നതിൽ സംശയമില്ല. എന്നാൽ ഈ അമിതമായ ഔദാര്യമാണ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ലോക ഭൂപടത്തില്‍ തന്നെയും ഒപ്പം തന്‍റെ സാമ്രാജ്യത്തെയും ഉള്‍ക്കൊള്ളിക്കാൻ മൂസയ്‌ക്ക് സാധിച്ചു. 1375 ലെ കറ്റാലൻ ഭൂപടത്തിൽ, ഒരു ആഫ്രിക്കൻ രാജാവിന്‍റെ ചിത്രമുണ്ട്. ടിംബക്റ്റുവിന്‍റെ ( ഒരു വലിയ സ്വർണ ഖനിയുള്ള സ്ഥലം) മുകളിൽ ഒരു സ്വർണ സിംഹാസനത്തിൽ ഒരു സ്വർണ കഷണം കയ്യില്‍ പിടിച്ച് ഇരിക്കുന്ന ഒരു രാജാവിന്‍റെ ചിത്രം.
ഇത് മൂസയാണെന്നും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. ടിംബക്റ്റുവായിരുന്നു മൂസയുടെ ഏറ്റവും വലിയ സ്വത്ത്. സ്വർണനഗരം എന്ന നിലയിൽ ഐതിഹ്യപരമായ ഒരു പദവി ഈ നഗരത്തിനുണ്ടായിരുന്നു.
വിദ്യാഭ്യാസത്തിനായും പണം ചിലവഴിച്ചു
മക്കയില്‍ നിന്ന് നിരവധി ഇസ്ലാമിക പണ്ഡിതന്മാരുമൊത്താണ് മൻസ മൂസ മടങ്ങിയത്. മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻഗാമികളും അൻഡാലുഷ്യൻ കവിയും വാസ്തുശില്‍പ്പിയുമായ അബു എസ് -ഹഖ് എസ് -സഹേലിയും മൂസയുടെ ഒപ്പമുണ്ടായിരുന്നു. ഇയാള്‍ക്ക് 200 കിലോഗ്രാം സ്വർണം രാജാവ് സമ്മാനമായി നൽകിയതായി റിപ്പോർട്ടുണ്ട്.
കലയെയും വാസ്തുവിദ്യയെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മൂസ രാജ്യത്ത് സ്കൂളുകളും ലൈബ്രറികളും പള്ളികളും നിർമ്മിച്ചിരുന്നു. ടിംബക്റ്റു താമസിയാതെ ലോകത്തെ തന്നെ വിദ്യാഭ്യാസ കേന്ദ്രമായിത്തീർന്നു.
പശ്ചിമാഫ്രിക്കയിൽ വിദ്യാഭ്യാസം ആരംഭിച്ചതിന്‍റെ ബഹുമതിയും മൂസയ്‌ക്ക് അവകാശപ്പെടാം. എന്നിരുന്നാലും അദ്ദേഹത്തിന്‍റെ മാലി സാമ്രാജ്യത്തിന്‍റെ കഥ പടിഞ്ഞാറൻ ആഫ്രിക്കയ്ക്ക് പുറത്ത് കൂടുതൽ അറിയപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം.
1337 ൽ മൂസ യാത്ര പോയതിന് ശേഷം അദ്ദേഹത്തിന്‍റെ മക്കളാണ് അധികാരം ഏറ്റെടുത്തത്. എന്നാല്‍ അവരുടെ പിടിപ്പുകേടില്‍ രാജ്യം തകര്‍ന്നു. സാമ്രാജ്യത്തിന്‍റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരുന്നു യൂറോപ്യൻമാരുടെ വരവ്.
മൂസയുടെ കരുത്തും കഴിവും തുടർന്നും മാലിയില്‍ ഉണ്ടായിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക- സൈനിക ശക്തിയായി മാലി വളര്‍ന്നേനെ.