ഇസ്ലാമാബാദ്: 22 വർഷത്തിന് ശേഷം ലാഹോര്‍- വാഗ ട്രെയിൻ സര്‍വീസ് പുനഃസ്ഥാപിക്കുന്നു. 181 യാത്രക്കാരെ കയറ്റാൻ കഴിയുന്ന ട്രെയിനാണ് പാകിസ്ഥാനിലെ ലാഹോറിനും വാഗാ റെയില്‍വേ സ്റ്റേഷനുമിടയില്‍ സര്‍വീസ് ആരംഭിക്കുന്നത്. ഡിസംബര്‍ പതിനാലിന് പുതിയ സര്‍വീസ് ആരംഭിക്കും. ഇന്ത്യ വിഭജന കാലം മുതല്‍ 1997 വരെ വാഗ-ലാഹോർ ട്രെയിൻ സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ അതിനുശേഷം സുരക്ഷാ കാരണങ്ങളാൽ സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
ട്രെയിൻ സര്‍വീസ് ആരംഭിക്കുന്നതിന്‍റെ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി പാകിസ്ഥാൻ റെയിൽവേ ചീഫ് ഓപ്പറേറ്റിങ് സൂപ്രണ്ട് ആമിർ ബലൂച് അറിയിച്ചു. ട്രെയിനിന്‍റെ രണ്ട് പാസഞ്ചര്‍ കോച്ചുകളും എഞ്ചിനും റെയില്‍വേ നവീകരിച്ചിട്ടുണ്ട്. യാത്രാനിരക്ക് 30 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാഹോർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ആരംഭിക്കുന്നത്. യാത്രക്കാരുടെ വര്‍ധനവുണ്ടെങ്കില്‍ കൂടുതൽ പാസഞ്ചർ ബോഗികൾ ഷട്ടിൽ സർവീസിലേക്ക് ചേർക്കും. ലാഹോറില്‍ നിന്നും വാഗയില്‍ നിന്നും ജലോ പാര്‍ക്കിലെത്തുന്ന ആളുകൾക്ക് മികച്ച യാത്രസൗകര്യമെരുക്കാൻ ഈ ട്രെയിൻ സര്‍വീസ് ഉപകരിക്കുമെന്നും ആമിർ ബലൂച് പറഞ്ഞു.