പ്യോങ്‌യാങ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പൊതു വേദിയിൽ എത്തി. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങിന് സമീപം സൻചോണിലെ വളം ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ കിം പങ്കെടുത്തതായി കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു. സഹോദരി കിം യോ ജോങും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അദ്ദേഹം പൂർണ ആരോഗ്യവാനായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും ഏജൻസി പുറത്ത് വിട്ടു.
വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിലേക്ക് കിം ജോങ് ഉൻ എത്തിയപ്പോൾ ജനങ്ങൾ ആഹ്ലാദത്തോടെ ഹർഷാരവം മുഴക്കിയെന്നും കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം വളം ഫാക്ടറി പരിശോധിക്കുകയും ഉൽപാദന പ്രക്രിയകളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
നീണ്ട 20 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കിം ജോങ് ഉൻ ഒരു പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. കിം ജോങിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിൽ പല വാർത്തകളും ഇക്കാലയളിവിൽ പ്രചരിച്ചിരുന്നു. അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചു എന്ന വാർത്തയും പല വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിൽ 11ന് വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്.
ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളിൽ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.