ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ വിദേശനയത്തിന്‍റെ മൂലക്കല്ലായി കശ്‌മീർ പ്രശ്‌നം തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി. മുസാഫറാബാദിൽ പാക് അധീന കശ്മീരിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസംഗത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേഷ്യന്‍ മേഖലയിലെ സമാധാനത്തിനായി കശ്‌മീർ തർക്കത്തിന് ശാശ്വത പരിഹാരം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് അധീന കശ്‌മീര്‍ നേതാവ് രാജാ ഫറൂഖ് ഹൈദര്‍ ഖാന്‍ പങ്കെടുത്ത യോഗത്തിൽ കശ്‌മീർ താഴ്‌വരയിലെ ആശയവിനിമയത്തിനും മാധ്യമങ്ങൾക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കം ചെയ്യണമെന്ന ആവശ്യമുയര്‍ന്നു. 2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മുകശ്‌മീരിന് പ്രത്യേക പദവി അനുശാസിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള നീക്കം ആഭ്യന്തരകാര്യമാണെന്നറിയിച്ച ഇന്ത്യ, യാഥാർഥ്യം അംഗീകരിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.