ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായ ജെയ്ഷെ തലവൻ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദശകാര്യമന്ത്രി മഹമൂദ് ഖുറേഷിയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. എന്നാല്‍ അസറിനെതിരെ നടപടി എടുക്കണമെങ്കില്‍ ഇന്ത്യ വ്യക്തമായ തെളിവുകൾ നല്‍കണമെന്ന് ഖുറേഷി ആവശ്യപ്പെട്ടു.
പാകിസ്ഥാനിലുള്ള അസറിന്‍റെ ആരോഗ്യസ്ഥിതി മോഷമാണെന്നും വീടിന് പുറത്ത് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും സിഎൻഎന്നിന് നല്‍കിയ അഭിമുഖത്തില്‍ ഖുറേഷി പറഞ്ഞു. റാവൽ പിണ്ടിയിലെ സൈനിക ആശുപത്രിയിൽ കഴിഞ്ഞ നാലു മാസമായി ചികില്‍സയിലാണ് മസൂദ് അസറെന്നാണ് സൂചനകള്‍.
ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെമുഹമ്മദിന്‍റെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ ബുധനാഴ്ച്ച ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അസറിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് പാകിസ്ഥാനിലെ കോടതികൾ അംഗീകരിക്കുന്ന തെളിവുകൾ ഹാജരാക്കേണ്ടിവരുമെന്നായിരുന്നു ഖുറേഷിയുടെ മറുപടി. അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎസും യുകെയും ഫ്രാൻസും സംയുക്തമായി യുഎന്നില്‍ ആവശ്യപ്പെടുന്നതിനിടെയാണ് പാകിസ്ഥാന്‍റെ ഈ പ്രതികരണം.