ടോക്കിയോ: ടോക്കിയോയിൽ കൊവിഡ് വ്യാപനം വർധിക്കുന്നതിന്‍റെ സൂചനകൾ കാണുന്നുവന്ന് സാമ്പത്തിക പുനരുജ്ജീവന മന്ത്രി നിഷിമുര യഷുതോഷി. വേണ്ടി വന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സർക്കാർ തയാറാണെന്ന് യഷുതോഷി പറഞ്ഞു.
കൊവിഡ് വ്യാപനമുണ്ടായാൽ നിലവിൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന ബാറുകൾ, റെസ്റ്റോറന്‍റുകൾ എന്നിവക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. രാജ്യത്താകമാനം ചെറുപ്പക്കാരായ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് അധിക സൗകര്യങ്ങൾ ഇല്ലാത്ത ആശുപത്രികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ സർക്കാർ വിലയിരുത്തൽ നടത്തി തുടർനടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ച മന്ത്രി വേനൽക്കാലത്തും ജോലിസ്ഥലങ്ങളിലും സ്കൂളുകളിലും വായുസഞ്ചാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
Also Read: "നേതാജിയുടെ തൊപ്പിയെവിടെ?" പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍
കൊവിഡ് വ്യാപനത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളായ അടച്ചിട്ടതും തിരക്കേറിയതുമായ സ്ഥലങ്ങൾ, കൊവിഡ് രോഗികളുമായുള്ള സമ്പർക്കം എന്നിവയെല്ലാം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച മന്ത്രി ജോലിസ്ഥലങ്ങളിൽ സുഖമില്ലാത്ത ആളുകൾക്ക് ഉപയോഗിക്കാൻ ആന്‍റിജൻ ടെസ്റ്റ് കിറ്റുകൾ സർക്കാർ വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിച്ചു.