ജെറുസലേം: പലസ്തീനിലെ വെസ്റ്റ് ബാങ്ക് സെറ്റിൽമെന്‍റ് നിർമാണത്തിനായി വിപുലമായ 31 പദ്ധതികൾ ആവിഷ്കരിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം. സിവിൽ അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച പദ്ധതികളിൽ ഷോപ്പിംഗ് സെന്‍റർ, സ്കൂൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസനങ്ങൾക്കായുള്ള പദ്ധതികൾ, നിലവിലുള്ള വെസ്റ്റ് ബാങ്ക് സെറ്റിൽമെന്‍റുകളിലെ സോണിംഗ് മാറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്.
12 വർഷം നീണ്ട ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അവസാനം കുറിച്ചുകൊണ്ട് ഈ മാസം ആദ്യം നഫ്‌താലി ബെന്നറ്റിന്‍റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നിരുന്നു. നേരത്തെ പലസ്തീൻ സ്വാതന്ത്ര്യത്തെ എതിർത്തിരുന്ന ബെന്നറ്റ്, വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ജൂത കുടിയേറ്റങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ജൂത അൾട്രനാഷണലിസ്റ്റുകൾ മുതൽ ലിബറൽ വിഭാഗങ്ങൾ വരെയുള്ള വിശാലമായ രാഷ്ട്രീയ നിലപാടുകളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾ ബെന്നറ്റിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉൾപ്പെട്ടിട്ടുണ്ട്.
1967-ലാണ് ഗാസ മുനമ്പും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കും ഇസ്രായേല്‍ കൈവശപ്പെടുത്തുന്നത്. നിലവില്‍ 2.8 ദശലക്ഷത്തിലധികം പലസ്തീനികള്‍ താമസിച്ചിരുന്ന പ്രദേശത്ത് 450,000-ത്തിലധികം ഇസ്രായേലികള്‍ താമസിക്കുന്നുണ്ട്.